സമാധാന കരാർ ഉണ്ടായില്ലെങ്കിൽ ഇറാനെതിരെ ‘നാളെ’ തന്നെ ആക്രമണം ഉണ്ടായേക്കുമെന്ന് ട്രംപ്, മറുപടിയുമായി ഇറാൻ; ട്രംപിന്റെ നയങ്ങളെ വിമർശിച്ച് ഒബാമ

സമാധാന കരാർ ഉണ്ടായില്ലെങ്കിൽ ഇറാനെതിരെ ‘നാളെ’ തന്നെ ആക്രമണം ഉണ്ടായേക്കുമെന്ന് ട്രംപ്, മറുപടിയുമായി ഇറാൻ; ട്രംപിന്റെ നയങ്ങളെ വിമർശിച്ച് ഒബാമ

സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെയുള്ള സൈനിക ആക്രമണം ഉടൻ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ ഇടക്കാല തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കരാറിലെത്തുകയോ ഇറാനെ പരാജയപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യാക്രമണം നടത്താനുള്ള സാധ്യതയും, അതുപോലെ നല്ലൊരു സമാധാന കരാറിലെത്താനുള്ള സാധ്യതയും ഒരുപോലെ നിലനിൽക്കുന്നുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

എന്നാൽ, സമാധാന ചർച്ചകളെ തകർത്തത് അമേരിക്കയാണെന്ന ആരോപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ രംഗത്തെത്തി. അമേരിക്ക ഭീരുക്കളാണെന്നും എല്ലാം നശിപ്പിക്കുന്നത് അവരാണെന്നും അദ്ദേഹം രൂക്ഷമായി കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അനിശ്ചിതത്വവും സൈനിക നീക്കങ്ങളും പശ്ചിമേഷ്യൻ മേഖലയിൽ കടുത്ത യുദ്ധഭീതിയാണ് നിലവിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനിടെ, ഇറാനെതിരെ ട്രംപ് നടത്തുന്ന യുദ്ധമാണ് അമേരിക്കയിൽ എല്ലാ സാധനങ്ങളുടെയും വില വർധിക്കാൻ കാരണമെന്ന രൂക്ഷവിമർശനവുമായി മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തി. ഒഹായോയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു ഒബാമയുടെ പ്രതികരണം. തന്റെ ഭരണകാലത്ത് നയതന്ത്ര ചർച്ചകളിലൂടെ ഇറാനുമായി ഒപ്പുവെച്ച ‘ജോയിന്റ് കോംപ്രഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ’ (JCPOA) കരാർ വഴി ഒരു മിസൈൽ പോലും തൊടുക്കാതെ ഇറാനെ ആണവായുധങ്ങളിൽ നിന്ന് തടഞ്ഞിരുന്നതായി ഒബാമ ഓർമ്മിപ്പിച്ചു.

എന്നാൽ 2018-ൽ ട്രംപ് ഈ കരാറിൽ നിന്ന് ഒരുപക്ഷീയമായി പിന്മാറിയതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. നിലവിൽ ലോകവിപണിയിലേക്ക് എണ്ണ കൊണ്ടുപോകുന്ന ഹോർമൂസ് കടലിടുക്കിന്റെ കാര്യത്തിൽ ഇറാൻ തീരുമാനമെടുക്കുന്ന അവസ്ഥയാണുള്ളത്. ഇതാണ് എണ്ണവില വർധിക്കുന്നതിനും തന്മൂലം മറ്റെല്ലാ അവശ്യസാധനങ്ങളുടെയും വിലക്കയറ്റത്തിനും കാരണമായതെന്ന് മുൻ യു.എസ്. പ്രസിഡന്റ് കുറ്റപ്പെടുത്തി.

Share Email
LATEST excelnclexrn
More Articles
Top