ഇറാനെതിരായ യുദ്ധം: അമേരിക്കയുടെ യുദ്ധച്ചെലവ് 4,700 കോടി ഡോളര്‍ കടന്നു: കണക്കാക്കിയതിനേക്കാള്‍ 25 ശതമാനം വര്‍ധന

ഇറാനെതിരായ യുദ്ധം: അമേരിക്കയുടെ യുദ്ധച്ചെലവ് 4,700 കോടി ഡോളര്‍ കടന്നു: കണക്കാക്കിയതിനേക്കാള്‍ 25 ശതമാനം വര്‍ധന

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ സൈനിക ചെലവ് ഇതുവരെ 4,700 കോടി ഡോളര്‍ (47 ബില്യണ്‍ ഡോളര്‍) കവിഞ്ഞതായി റിപ്പോര്‍ട്ട്. ജൂലൈയില്‍ യുഎസ് പ്രതിരോധ വകുപ്പ് കണക്കാക്കിയ തുകയേക്കാള്‍ 25 ശതമാനത്തിലധികം വര്‍ധനയാണിത്. പെന്റഗണിന്റെ പുതിയ കണക്കുകള്‍ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധച്ചെലവിന്റെ പുതിയ കണക്ക് പ്രതിരോധ വകുപ്പ് പരസ്യമായി പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും പെന്റഗണ്‍മറുപടി നല്‍കിയില്ല.

യുദ്ധത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ മാത്രം 2,900 കോടി ഡോളറിലധികം വേണ്ടിവരുമെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍. കൂടാതെ, സൈനിക ഉപകരണങ്ങള്‍ക്കും യുദ്ധത്തിനിടെ നഷ്ടപ്പെട്ട വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കും പകരം വാങ്ങാന്‍ 600 കോടി ഡോളറിലധികം ആവശ്യമായി വരും. യുദ്ധത്തിനിടെ നിരവധി ഡ്രോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. വിമാനങ്ങളുടെ പ്രവര്‍ത്തനം, സൈബര്‍ പിന്തുണ തുടങ്ങിയ വിവിധ പ്രവര്‍ത്തനച്ചെലവുകളും കണക്കില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ തകര്‍ന്ന അമേരിക്കന്‍ സൈനിക താവളങ്ങള്‍ അറ്റകുറ്റപ്പണി നടത്താനുള്ള വന്‍ ചെലവ് പൂര്‍ണമായി കണക്കാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഫെബ്രുവരിയില്‍ ഇസ്രയേലുമായി ചേര്‍ന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരായ സൈനിക നീക്കം ആരംഭിച്ചത്. യുദ്ധം അധികകാലം നീണ്ടുനില്‍ക്കില്ലെന്നായിരുന്നു അന്ന് ട്രംപിന്റെ പ്രവചനം. ഇറാന്റെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ആദ്യം വിലകൂടിയതും കൃത്യതയേറിയതുമായ മിസൈലുകള്‍ ഉപയോഗിക്കുകയും പിന്നീട് കുറഞ്ഞ ചെലവിലുള്ള ആയുധങ്ങളിലേക്ക് മാറുകയുമായിരുന്നു അമേരിക്കയുടെ പ്രാരംഭ തന്ത്രം. ജെഡിഎഎം പോലുള്ള വിമാനങ്ങളില്‍നിന്ന് പ്രയോഗിക്കുന്ന ഗൈഡഡ് ബോംബുകളും ഈ പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍, ഏപ്രിലില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ഇറാന് ഭൂഗര്‍ഭ ആയുധസംഭരണ കേന്ദ്രങ്ങള്‍ വീണ്ടെടുക്കാനും ചില പ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനും അവസരം നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിനുശേഷം ഇറാന്റെ എണ്ണ കയറ്റുമതിയില്‍നിന്നുള്ള വരുമാനം തടയുന്നതിനായി ട്രംപ് രാജ്യത്തിനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തി. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും സൈനിക നടപടികള്‍ ആരംഭിക്കാനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. ഉത്തരവ് ലഭിച്ചാല്‍ ഇറാനെതിരായ ശക്തമായ ആക്രമണങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ആസൂത്രണം പെന്റഗണ്‍ നടത്തുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ സൈനിക ചെലവ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്.

ജൂലൈയില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇറാന്‍ യുദ്ധത്തിന്റെ ചെലവ് 3,750 കോടി ഡോളറാണെന്ന് കണക്കാക്കിയിരുന്നു. ഇതിനെ അപേക്ഷിച്ച് പുതിയ കണക്ക് വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. അതേസമയം, യുദ്ധം ആഗോള ഊര്‍ജവിലയെ ബാധിച്ചതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് രാഷ്ട്രീയ തിരിച്ചടി നേരിടുന്നതായും ട്രംപിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം നിര്‍ണയിക്കപ്പെടാനിരിക്കെ, യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വെല്ലുവിളിയാകുകയാണ്. കോണ്‍ഗ്രസിന്റെ ഇരുസഭകളിലും നിലവില്‍ നേരിയ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും.

War against Iran: US war expenditure exceeds $47 billion—a 25 percent increase over estimates.

Share Email
LATEST excelnclexrn
More Articles
Top