റഷ്യയില്‍നിന്ന് ഡീസല്‍ വാങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം : തന്റെ തീരുമാനം ശരിയെന്ന് ട്രംപ്

റഷ്യയില്‍നിന്ന് ഡീസല്‍ വാങ്ങാനുള്ള ട്രംപിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം : തന്റെ തീരുമാനം ശരിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: റഷ്യയില്‍നിന്ന് ഡീസല്‍ വാങ്ങാന്‍ താല്‍ക്കാലിക അനുമതി നല്‍കിയ തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്നു ട്രംപ് വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ബന്ധപ്പെട്ട ഊര്‍ജ ഇടപാടിനെതിരെ യുഎസിലും യുക്രെയ്നിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും വ്യാപക വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ ഡീസല്‍ ഇറക്കുമതിക്ക് താല്‍ക്കാലിക അനുമതി നല്‍കാനുള്ള തീരുമാനം ഭരണകൂടം സ്വീകരിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍നിന്ന് ഊര്‍ജ ഉല്‍പന്നങ്ങള്‍ വാങ്ങിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ മൗനം പാലിക്കുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ആരോപിച്ചു. റഷ്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജത്തിനായി 250 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

അമേരിക്കന്‍ ജനതയ്ക്കുവേണ്ടി താന്‍ ശരിയായ തീരുമാനമാണ് എടുത്തത്. എല്ലായ്‌പ്പോഴും അമേരിക്കയ്ക്കാണ് പ്രഥമ പരിഗണയെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍, റഷ്യയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന തരത്തിലുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളിലെയും ആറു സെനറ്റര്‍മാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇതില്‍ നാലുപേര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളാണ്. യുക്രെയ്നിലെ സാധാരണക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ പുടിന് സാമ്പത്തികമായി ആശ്വാസം നല്‍കുന്ന നടപടി അമേരിക്ക സ്വീകരിക്കരുതെന്നാണ് ഇവരുടെ നിലപാട്.

ഡീസല്‍ വില കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നുണ്ടെങ്കിലും റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നത് ക്രെംലിന്റെ യുദ്ധനീക്കങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുമെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധി മൈക്കല്‍ മക്കോള്‍ മുന്നറിയിപ്പ് നല്‍കി. ഇത് കൂടുതല്‍ അക്രമത്തിനും നാശനഷ്ടങ്ങള്‍ക്കും വഴിവെക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അധികാരമൊഴിയണമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം വേണ്ടത്ര ശ്രമിച്ചിട്ടില്ലെന്നുമുള്ള ട്രംപിന്റെ വിമര്‍ശനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്റെ വിദേശനയ മേധാവി കായ കല്ലാസ് രംഗത്തെത്തി. വെടിനിര്‍ത്തല്‍ നിലവില്‍ വരാതെ യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട സമയമല്ല ഇതെന്ന് അവര്‍ വ്യക്തമാക്കി.

സമാധാനത്തിനുള്ള പ്രധാന തടസം സെലന്‍സ്‌കിയാണെന്ന് ട്രംപ് അടുത്തിടെ ആരോപിച്ചിരുന്നു. 2022-ല്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടത്താത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.

Widespread protest against Trump’s decision to buy diesel from Russia; Trump maintains his decision is right.

Share Email
LATEST excelnclexrn
More Articles
Top