വാഷിംഗടണ്‍/ ടെല്‍ അവീവ്: ഇറാനുമായി അമേരിക്കയും ഇസ്രലേയും സംയുക്തമായി നടത്തുന്ന സൈനീക നീക്കത്തില്‍ ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തേയ്ക്കോ ?ഇറാനെതിരെ വീണ്ടും സൈനിക നടപടി അനിവാര്യമാണെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പറയനുമ്പോള് യുദ്ധത്തിനു തിടുക്കമില്ലെന്ന നിലപാടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൈക്കൊള്ളുന്നത്. ഇറാനെതിരേ പുതിയ വ്യോമാക്രമണത്തിന് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാന്‍ നെതന്യാഹു ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിലെ മുതിര്‍ന്ന മന്ത്രിമാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇറാനെതിരായ മറ്റൊരു സൈനിക നീക്കം ഒഴിവാക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍, റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിലെയും ഇസ്രയേല്‍ സൈന്യത്തിലെയും ഉദ്യോഗസ്ഥര്‍ പുതിയ ആക്രമണ പദ്ധതികള്‍ തയ്യാറാക്കി അംഗീകരിച്ചിട്ടുണ്ടെന്നും ഇനി നടപടി ആരംഭിക്കുന്ന തീയതി മാത്രമാണ് തീരുമാനിക്കാനുള്ളതെന്നും ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാനെതിരെ നാല് മുതല്‍ ഏഴ് ദിവസം വരെ നീളുന്ന അമേരിക്കന്‍ പിന്തുണയോടെയുള്ള വ്യോമാക്രമണമാണ് നെതന്യാഹു ലക്ഷ്യമിടുന്നതെന്നാണ് സൂചന. എന്നാല്‍ യുദ്ധം വീണ്ടും ശക്തമാക്കാനുള്ള നീക്കത്തിന് പിന്നില്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ താല്പര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു. ആഭ്യന്തര രാഷ്ട്രീയത്തില്‍ ദുര്‍ബലമായ തന്റെ നില മെച്ചപ്പെടുത്തുന്നതിനായി സംഘര്‍ഷം രൂക്ഷമാക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചിട്ടുണ്ട്. അതേസമയം, ഇറാനെതിരായ പുതിയ സൈനിക നീക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടുതല്‍ ജാഗ്രതയോടെയുള്ള നിലപാടാണ് സ്വീകരിക്കുന്നത്. ഇറാനുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ തിടുക്കമില്ലെന്നും പുതുവര്‍ഷത്തിന്റെ തുടക്കത്തിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും ആക്സിയോസിന് നല്കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇറാന് വീണ്ടും മിസൈല്‍, ഡ്രോണ്‍ ശേഷികള്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും രാസ, ജൈവായുധ പദ്ധതികളില്‍ മുന്നേറുന്നുണ്ടെന്നുമുള്ള ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകള്‍ അമേരിക്ക പരിഗണിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ പുതിയ ആക്രമണ സാധ്യതകള്‍ പരിശോധിക്കാന്‍ പെന്റഗണിനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ട്രംപ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് മേഖലയിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ഇറാന് വലിയ തിരിച്ചടി നടത്താതെ എങ്ങനെ സൈനിക നടപടി സാധ്യമാക്കാമെന്നതും അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ പദ്ധതികളില്‍ പരിശോധിക്കുന്നുണ്ട്. ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളും ഉപരോധ നടപടികളും തുടരുന്നതിലൂടെ ടെഹ്റാനുമേല്‍ സമ്മര്‍ദം ചെലുത്താനാകുമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാട്. ഇറാന് ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് തന്റെ നയത്തിന്റെ പ്രധാന ലക്ഷ്യമെന്നും ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്.
ഇറാനുമായുള്ള യുദ്ധം തുടരുന്നതുമായി ബന്ധപ്പെട്ട വിഷയം അമേരിക്കന്‍ രാഷ്ട്രീയത്തിലും ചര്‍ച്ചയാകുകയാണ്. യുദ്ധം അവസാനിപ്പിക്കുകയോ തുടരുന്നതിന് കോണ്‍ഗ്രസിന്റെ അനുമതി നിര്‍ബന്ധമാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമനിര്‍മാണ നിര്‍ദേശത്തെ അമേരിക്കന്‍ സെനറ്റ് വ്യാഴാഴ്ച തള്ളി. 51 പേര് എതിര്‍ത്തപ്പോള്‍ 48 പേര് അനുകൂലിച്ചാണ് വോട്ടുചെയ്തത്. ഇറാനെതിരായ സൈനിക നടപടിയില്‍ ട്രംപ് ഭരണകൂടം തുടര്‍നടപടികള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഉടന്‍ ആക്രമണം നടത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള സൂചനകളും കൂടുതല്‍ ശക്തമായ സൈനിക നടപടിക്കുള്ള മുന്നറിയിപ്പുകളും മാറിമാറി നല്കുന്ന ട്രംപിന്റെ നിലപാടാണ് നിലവിലെ സാഹചര്യത്തെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കുന്നത്.
Are Trump and Netanyahu at odds regarding a war with Iran? Netanyahu says war is inevitable; Trump says there is no rush.
















