കാലിഫോര്‍ണിയ: രണ്ടാഴ്ച്ച മുമ്പ് കാണാതായ സൈനീകന്റെ മൃതദേഹം മരുഭൂമിയില്‍ നിന്നും കണ്ടെത്തി. 19കാരനായ മറീന്‍ സൈനികന്‍ മാരിനര്‍ റിച്ചാര്‍ഡ്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയിലെ ട്വന്റിനൈന്‍ പാംസ് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികള്‍ വെള്ളിയാഴ്ച വൈകുന്നേരവും തുടരുകയായിരുന്നുവെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
ട്വന്റിനൈന്‍ പാംസ് മറീന്‍ കോര്‍പ്‌സ് സൈനിക താവളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന റിച്ചാര്‍ഡ്‌സിനെ നവംബര്‍ ഏഴിനാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത്. യൂട്ടാ സ്വദേശിയായ അദ്ദേഹം നവംബര്‍ 6ന് രാത്രി 11 മണിയോടെ ടോര്‍ട്ടോയിസ് റോക്ക് കാസിനോയിലാണ് അവസാനമായി കാണപ്പെട്ടത്. അന്ന് അദ്ദേഹം കാല്‍നടയായാണ് സഞ്ചരിച്ചിരുന്നതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വാഹനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കാസിനോയ്ക്ക് സമീപമുള്ള ജോഷ്വ ട്രീ പാര്‍ക്ക് മേഖലയിലാണ് അവസാനമായി അദ്ദേഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച റിച്ചാര്‍ഡ്‌സിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് സൈനിക താവളത്തില്‍നിന്ന് ഏകദേശം അഞ്ച് മൈല്‍ അകലെയും കാസിനോയില്‍നിന്ന് മൂന്ന് മൈല്‍ അകലെയുമുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. കാസിനോയില്‍ അവസാനമായി കണ്ടതിന് മണിക്കൂറുകള്‍ക്കുശേഷം സൈനിക താവളത്തിലെ മിലിട്ടറി പോലീസ് അധികൃതരെ വിവരമറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിച്ചാര്‍ഡ്‌സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കണ്ടെത്താന്‍ സൈനിക നേതൃത്വം വിവിധ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും മറീന്‍ കോര്‍പ്‌സ് വക്താവ് ക്യാപ്റ്റന്‍ ബ്രിഡ്ജറ്റ് ഇ. വലന്‍സിയ അറിയിച്ചു.
മകനെ കണ്ടെത്തുന്നതിനായി പ്രദേശവാസികളും സുഹൃത്തുക്കളും വലിയ രീതിയില്‍ സഹായവുമായി രംഗത്തെത്തിയിരുന്നുവെന്ന് റിച്ചാര്‍ഡ്‌സിന്റെ പിതാവ് ബ്രോക്ക് റിച്ചാര്‍ഡ്‌സ് യൂട്ടായിലെ ഒരു ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. നിരവധി നാട്ടുകാര്‍ തിരച്ചിലില്‍ പങ്കെടുത്തതായും യൂട്ടായിലെ അയല്‍വാസികളും ദേവാലയത്തിലെ വിശ്വാസിസമൂഹവും കാലിഫോര്‍ണിയയിലെത്തി സഹായിക്കാന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തിയ മൃതദേഹം കാണാതായ സൈനികന്റേതാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് കുടുംബവും അധികൃതരും.
Body of soldier who went missing from California found in the desert
















