ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ടുവെച്ച ഏഴ് ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഈ ഉപാധികൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും, വ്യവസ്ഥകൾ അംഗീകരിച്ചാൽ രണ്ടുദിവസത്തിനുള്ളിൽ കടലിടുക്ക് തുറക്കാമെന്ന് ഖത്തർ പ്രതിനിധികളുമായി നടത്തുന്ന ചർച്ചയിൽ വ്യക്തമാക്കിയതായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അയച്ച കത്ത് ലഭിച്ചതായും ഇതൊരു അനുകൂല സൂചനയായി കാണുന്നുവെന്നും ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മൊഹ്സെൻ റെസായി അറിയിച്ചു. എന്നാൽ ആണവ പദ്ധതികളിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ അമേരിക്കയുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ഫ്ലോറിഡയിൽ ഹാലോവീൻ പാർട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇറാൻ കരാറിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും മുൻ അനുഭവങ്ങൾ വെച്ച് അവരെ പൂർണ്ണമായി വിശ്വസിക്കാനാകില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും സൈനിക നടപടിക്ക് പകരം നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
നയതന്ത്ര ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴും അമേരിക്കയുടെ സൈനിക ഭീഷണി ട്രംപ് ആവർത്തിച്ചു. ഇറാന്റെ നാവിക-വ്യോമസേനകളെ യു.എസ്. സൈന്യം തകർത്തുവെന്ന അവകാശവാദം ആവർത്തിച്ച ട്രംപ്, ഇറാന്റെ ആണവ കേന്ദ്രം സ്ഥിതിചെയ്യുന്നതായി സംശയിക്കുന്ന ‘പിക്ക് ആക്സ്’ പർവതത്തിൽ ആക്രമണം നടത്തുമെന്ന ഭീഷണിയും മുഴക്കി. ഇറാനെതിരെ പുതിയ ആക്രമണങ്ങൾക്ക് ഉത്തരവിടുമോ എന്ന ചോദ്യത്തെ ‘മണ്ടത്തരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അത്തരം കാര്യങ്ങൾ മുൻകൂട്ടി വെളിപ്പെടുത്തില്ലെന്നും കൂട്ടിച്ചേർത്തു.
പ്രതിസന്ധി പരിഹരിക്കാനായി ദോഹയിൽ ഇറാൻ-ഖത്തർ മധ്യസ്ഥ ചർച്ചകൾ തുടരുമ്പോഴും, യു.എസിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ തയ്യാറെടുക്കാൻ ഇറാന്റെ പരമോന്നത നേതാവ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒക്ടോബറിൽ ഹോർമുസ് കടലിടുക്കിൽ 35 കപ്പൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും, ഇറാന്റെ തുറമുഖങ്ങൾക്കെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയതിന്റെ ഭാഗമായി 144 വാണിജ്യ കപ്പലുകൾ തിരിച്ചുവിട്ടതായി യു.എസ്. സെൻട്രൽ കമാൻഡ് അവകാശപ്പെട്ടതും മേഖലയിലെ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട്.

















