എൻവിഡിയ സിഇഒ സ്ഥാനത്തുനിന്ന് ജെൻസൻ ഹുവാങ് രാജിവെച്ചെങ്കിലും കമ്പനിയിൽ കുടുംബത്തിന്റെ സ്വാധീനം ശക്തമായി തുടരുന്നു. ഇടക്കാല സിഇഒ ആയി കോലെറ്റ് ക്രെസ് ചുമതലയേറ്റെടുത്തെങ്കിലും, ജെൻസന്റെ മകൾ മാഡിസൺ ഹുവാങ് ഉൾപ്പെടെയുള്ളവർ കമ്പനിയുടെ പ്രധാന തീരുമാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പിതാവിന്റെ വലംകൈയായും ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായും പ്രവർത്തിച്ച മാഡിസൺ, ഫിസിക്കൽ എ.ഐ പ്രൊഡക്ട് മാർക്കറ്റിങ് സീനിയർ ഡയറക്ടർ പദവിയാണ് ഔദ്യോഗികമായി വഹിക്കുന്നത്. ലേ കോർഡൺ ബ്ലൂവിൽ പഠനവും ലക്ഷ്വറി ഹോട്ടൽ മാനേജ്മെന്റ് അനുഭവവുമുള്ള അവർ, 2020-ലാണ് എൻവിഡിയയിൽ എത്തിയത്.
എൻവിഡിയയിൽ മാഡിസണിന്റെ കടുത്ത പെരുമാറ്റവും മുൻകോപവും ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരുന്നതായി റിപ്പോർട്ടുകളുണ്ട്. മാഡിസണിന്റെ ശകാരം കാരണം ഒരു മാർക്കറ്റിങ് വൈസ് പ്രസിഡന്റിന് പാനിക് അറ്റാക്ക് ഉണ്ടായതായും പറയപ്പെടുന്നു. ജീവനക്കാരെ ഭയപ്പെടുത്താനായി ജെൻസൻ ഹുവാങ് മാഡിസണിന്റെ പേര് ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. മാഡിസണിനൊപ്പം പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട് കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ഡസനിലേറെ മുതിർന്ന ഉദ്യോഗസ്ഥരാണ് കമ്പനി വിട്ടുപോയത്.
മാഡിസണിന്റെ കടുത്ത സമീപനത്തിന് ഉദാഹരണമായിരുന്നു ഡൽഹിയിൽ നടന്ന എ.ഐ. സമ്മിറ്റുമായി ബന്ധപ്പെട്ട സംഭവം. ഉച്ചകോടിക്ക് തൊട്ടുമുമ്പ് ജെൻസൻ ഹുവാങ് പിന്മാറുകയും പകരം ജെയ് പുരിയെ അയക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ മുന്നൊരുക്കങ്ങളിൽ അതൃപ്തി തോന്നിയ മാഡിസൺ, ഓൺലൈൻ മീറ്റിങിനിടെ തന്നേക്കാൾ ഉയർന്ന പദവിയിലുണ്ടായിരുന്ന ജെയ് പുരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയിൽ സംസാരിച്ചു. ഈ സംഭവത്തിന് ആറ് മാസത്തിനകം ജെയ് പുരി എൻവിഡിയയിൽ നിന്ന് രാജിവെച്ച് പുറത്തുപോവുകയും ചെയ്തു.
ജെൻസൻ ഹുവാങ്ങിന്റെ അപ്രതീക്ഷിത രാജിക്ക് ശേഷം ചുമതലയേറ്റ ഇടക്കാല സിഇഒ കോലെറ്റ് ക്രെസിന് മാഡിസണിന്റെ ഈ അമിത സ്വാധീനം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ജെൻസൻ ഹുവാങ്ങിനെ എൻവിഡിയയുടെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് മാഡിസൺ നേതൃത്വം നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. ഹുവാങ് കുടുംബത്തിന്റെ ശക്തമായ സാന്നിധ്യവും ആഭ്യന്തര തർക്കങ്ങളും എൻവിഡിയയുടെ മുന്നോട്ടുള്ള യാത്രയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യവസായ ലോകം.
















