ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും ഇതിന് കൃത്യമായ തെളിവുകൾ കൈവശമുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി എനിതിംഗ്’ (Ask Me Anything) സെക്ഷനിലൂടെയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. വിദേശ ശക്തികളുടെ ഉത്തരവനുസരിച്ച് പ്രവർത്തിക്കുന്നതാരെന്നും ദേശദ്രോഹപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാരെന്നും തെളിയിക്കാൻ ഒരൊറ്റ തുറന്ന സംവാദം മതിയെന്ന് രാഹുൽ വെല്ലുവിളിച്ചു. ലോക്സഭയിൽ സംവദിച്ചുകൂടെ എന്ന ചോദ്യത്തിന്, സഭയിൽ തനിക്ക് സംസാരിക്കാൻ അവസരം നൽകുന്നില്ലെന്നും മൈക്ക് ഓഫ് ചെയ്യുകയാണെന്നും അദ്ദേഹം മറുപടി നൽകി.
കാർഷിക ബില്ലുകൾ, ചൈന, നരവാനെയുടെ പുസ്തകം, എപ്സ്റ്റീൻ ഫയലുകൾ തുടങ്ങിയ വിഷയങ്ങളിൽ സംസാരിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നീണ്ട പ്രസംഗങ്ങളില്ലാതെ ഒരു മേശയ്ക്ക് ഇരുവശത്തുമിരുന്ന് ആരോപണങ്ങൾ ഉന്നയിക്കാനുള്ള തുറന്ന സംവാദമാണ് താൻ ആഗ്രഹിക്കുന്നതെന്നും, അദാനിയോ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതോ ജഡ്ജിയായിരിക്കുന്നതിൽ തനിക്ക് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നോടൊപ്പം ഒരൊറ്റ സംവാദത്തിൽ ഏർപ്പെട്ടാൽ മോദിക്ക് പിന്നീട് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്നും രാഹുൽ അവകാശപ്പെട്ടു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. തെളിവുകളില്ലാതെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി തോന്ന്യാസം പറയുകയാണെന്ന് ബിജെപി ആരോപിച്ചു. എന്നാൽ, വിദേശബന്ധത്തിലടക്കം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഉന്നയിക്കുന്നതും തെളിവില്ലാത്ത ആരോപണങ്ങളാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തിരിച്ചടിച്ചു.
















