എബി മക്കപ്പുഴ
കിയോഞ്ച്ഹാര്‍: ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ട് മക്കളേയും ചുട്ടുകൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ചെഞ്ചു ഹാന്‍സ്ദ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായി.
ഒഡീഷയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ദയാശങ്കര്‍ മിശ്രയ്ക്ക് (Dayashankar Mishra) നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ചെഞ്ചു ഹാന്‍സ്ദ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആരുടെയെങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താന്‍ ക്രിസ്തുമതം സ്വീകരിച്ചത്. മറിച്ച് തന്റെ മനസാക്ഷിയുടെ തീരുമാനപ്രകാരമാണ് ക്രിസ്ത്യാനിയായത് എന്ന് ചെഞ്ചു വ്യക്തമാക്കി. കുറ്റബോധത്താല്‍ നീറിക്കഴിഞ്ഞ താനിന്ന് മന:സമാധാനവും സന്തോഷവും അനുഭവിക്കുന്നു അയാള്‍ പറഞ്ഞു.
1999 ജനുവരി 22ന് അര്‍ദ്ധരാത്രിയാണ് വാഹനത്തില്‍ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളായ 10 വയസുകാരൻ ഫിലിപ്പിനെയും ആറ് വയസുകാരൻ തിമോത്തിയെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടെരിച്ചത്. കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍, ദാരസിംഗ് എന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ നടന്ന ഹീനകൃത്യം ഇന്ത്യയെ നടുക്കി.
ഇയാൾക്കൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളിലൊരാളായിരുന്നു അന്ന് 14 വയസുണ്ടായിരുന്ന ചെഞ്ചു ഹാന്‍സ്ദ. ഒമ്പത് വര്‍ഷം ദുര്‍ഗുണ പരിഹാര പാഠശാലയില്‍ തടവിലായിരുന്നു.
ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട ഇയാള്‍, ഗോ സംരക്ഷക സേനാ തലവനും ഗുണ്ടാ നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായി ആയിരുന്നു.
Chenju Hansda, accused in the case of burning missionary Graham Staines and his two children to death, becomes a Christian