കെ.എച്ച്.എന്‍.എ സില്‍വര്‍ ജൂബിലി ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ‘വിരാട് 25’ ഓഗസ്റ്റ് 17 മുതല്‍ 19 വരെ

കെ.എച്ച്.എന്‍.എ സില്‍വര്‍ ജൂബിലി ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ‘വിരാട് 25’ ഓഗസ്റ്റ് 17 മുതല്‍ 19 വരെ

ന്യൂജേഴ്സി: സനാതന ധര്‍മ്മ പ്രചരണാര്‍ത്ഥം രണ്ടരപ്പതിറ്റാണ്ടായി നോര്‍ത്ത് അമേരിക്കയിലും കാനഡയിലും പ്രവര്‍ത്തിച്ചുവരുന്ന കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) ‘വിരാട് 25’ എന്ന് പേരിട്ടിരിക്കുന്ന രജതജൂബിലി ആഘോഷങ്ങളും ലോക ഹൈന്ദവ സമ്മേളനവും 2025 ഓഗസ്റ്റ് 17 (ചിങ്ങം 1) മുതല്‍ 19 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അറ്റ്‌ലാന്റിക് സിറ്റിയിലെ എം.ജി.എം റിസോര്‍ട്‌സ് ഇന്റര്‍നാഷണലില്‍ ഇതിനായുള്ള വേദി ഒരുങ്ങുകയാണ്. 1500-ല്‍ പരം പ്രതിനിധികളും നൂറോളം അതിഥികളും പങ്കെടുക്കും. രജത ജൂബിലിയോട് അനുബന്ധമായി ഡോ. നിഷ പിള്ള (പ്രസിഡന്റ്), മധു ചെറിയേടത്ത് (ജനറല്‍ സെക്രട്ടറി), രഘുവരന്‍ നായര്‍ (ട്രഷറര്‍), സുനില്‍ പൈങ്കോള്‍ (കണ്‍വന്‍ഷന്‍ ചെയര്‍) എന്നിവര്‍ക്ക് കീഴിയില്‍ വൈവിധ്യമാര്‍ന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പാകും. നൂറംഗ കണ്‍വന്‍ഷന്‍ കമ്മിറ്റിയില്‍ 15 കോര്‍ അംഗങ്ങളുണ്ട്.

”വിരാടിന്റെ അര്‍ഥം കോസ്മിക് ബോഡി എന്നാമ്. ഹിന്ദുമതത്തില്‍ ഈശ്വരന്റെ ശരീരമാണ് നാം കാണുന്ന ലോകം. കാണുന്നതെന്തോ അതാണ് വിരാട്. ഒരു സംഘടന അതിന്റെ വിരാട രൂപം കാണിക്കുക എന്നാല്‍ അതിന്റെ പൂര്‍ണ്ണതയോ ഏറ്റവും പ്രൗഢമായ ഒന്നോ ആയിരിക്കണം. കെ.എച്ച്.എന്‍.എയുടെ രജത ജൂബിലിയെ ഞാന്‍ അങ്ങനെയാണ് നോക്കിക്കാണുന്നത്. 2025 എന്നതും ഇരുപത്തിയഞ്ചാം വാര്‍ഷികം എന്നതും ഉദ്ദേശിച്ചാണ് കണ്‍വന്‍ഷന് വിരാട് 25 എന്ന് നാമകരണം ചെയ്തത്. ജൂബിലി വര്‍ഷത്തെ സാരഥ്യത്തെ നിയതി തന്ന നിയോഗമായാണ് കാണുന്നത്. തലമുതിര്‍ന്നവര്‍ക്കും യുവ തലമുറയ്ക്കുമിടയിലൊരു പാലമായി നില്‍ക്കാന്‍ സാധിച്ചു എന്നതാണ് ഞാന്‍ ഇതില്‍ കാണുന്ന സന്തോഷം. അടുത്ത തിരഞ്ഞെടുപ്പില്‍ എന്നേക്കാള്‍ പ്രായം കുറഞ്ഞവരാണ് സ്ഥാനാര്‍ത്ഥികള്‍. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്…” കെ.എച്ച്.എന്‍.എ പ്രസിഡന്റ് ഡോ. നിഷ പിള്ള പറഞ്ഞു.

കണ്‍വന്‍ഷനില്‍ ആറ്റുകാല്‍ ക്ഷേത്രതന്ത്രി പരമേശ്വരന്‍ വാസുദേവ ഭട്ടത്തിരിപ്പാട് നേരിട്ടെത്തി ആചാര ക്രമമനുസരിച്ച് സര്‍വ്വൈശ്വര്യ പൂജ നടത്തുന്നത് ഇതാദ്യമാണ്. പൂരത്തെ അനുസ്മരിപ്പിക്കുന്ന ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. 500-ല്‍ പരം കുടുംബങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം അംഗങ്ങള്‍ വിരാട് 25 എന്ന പതാകയ്ക്ക് കീഴില്‍ അണിനിരക്കും.

കരകം, കാവടിയാട്ടം, കളരിപ്പയറ്റ്, ഉറിയടി, കാവിലാട്ടം എന്നിങ്ങനെ നാടിന്റെ പ്രതീതി ജനിപ്പിക്കുന്നതും പൈതൃകത്തെ തൊട്ടുണര്‍ത്തുന്നതുമായ പരിപാടികള്‍ ഉണ്ടായിരിക്കും. കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തിലാണ് ആല്‍ത്തറ മേളം. 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വേണ്ടി ഡിജെ നൈറ്റ്, ജോബ് ഫെയര്‍, യൂത്തിന് താല്പര്യമുള്ള സെമിനാറുകള്‍ എന്നിവയും നടത്തും. മാട്രിമോണിയല്‍ നെറ്റ്‌വര്‍ക്കാണ് മറ്റൊരു ആകര്‍ഷണം.

കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന ‘സ്‌നേനേഹോപഹാരം’ പദ്ധതിയില്‍ ഒരു കോടി രൂപയാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടന ഫെബ്രുവരിയില്‍ നല്‍കിയിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം, വിധവ പെന്‍ഷന്‍, ക്ഷേത്ര കലാകാരന്മാര്‍ക്ക് ക്ഷേമനിധി, വനവാസി സഹായനിധി, സ്ത്രീകള്‍ക്ക് ബിസിനസ് പദ്ധതി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായം, രോഗിയായ ഗൃഹനാഥനുള്ള കുടുംബങ്ങള്‍ക്ക് സഹായം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബാലാശ്രമങ്ങള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, വൃദ്ധ സദനങ്ങള്‍, തൊഴില്‍ സംരംഭങ്ങള്‍, സന്നിധാനം പദ്ധതി എന്നിവയ്ക്കും സഹായം നല്‍കും.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസം രുചിലോകത്തെ രാജാവായ പഴയിടം മോഹനന്‍ നമ്പൂതിരി ഒരുക്കുന്ന സദ്യ ആസ്വദിക്കാം. കാലിഫോര്‍ണിയയിലെ ജിജു പുരുഷോത്തമന്റെ ഇന്‍ഡോ-അമേരിക്കന്‍ കാറ്ററിംഗ് തിരുമേനിയെ പിന്തുണയ്ക്കും. സ്വാമി ചിതാനന്തപുരി, സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖരന്‍, മീനാക്ഷി ലേഖി എന്നിങ്ങനെ ആധ്യാത്മിക സാമൂഹികരംഗത്തെ പ്രമുഖര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ചലച്ചിത്രരംഗത്തുനിന്ന് ദിവ്യ ഉണ്ണി, നരേന്‍, അഭിലാഷ് പിള്ള, ഹരിഹരന്‍ തുടങ്ങിയവരെ പ്രതീക്ഷിക്കുന്നുണ്ട്. അകം മ്യൂസിക്കല്‍ ബാന്‍ഡിന്റെ പ്രോഗ്രാമാണ് സമാപന ദിവസത്തിലെ പ്രധാന ആകര്‍ഷണം.

ഫോക്‌ലാന്‍ഡ് കണ്ണൂര്‍ അവതരിപ്പിക്കുന്ന ഗരുഢന്‍പറവ, മുടിയേറ്റ് തുടങ്ങിയ പരമ്പരാഗത ക്ഷേത്രകലകള്‍ വേറിട്ട അനുഭവമായിരിക്കും. ദിവ്യ ഉണ്ണി അവതരിപ്പിക്കുന്ന നൃത്തരൂപം ‘കാശി’, ജാനകി രംഗരാജന്റെ ഭരതനാട്യം, കാലിഫോര്‍ണിയ ടീമിന്റെ ‘ഛായാമുഖി’, രമേശ് നാരായണനും മധുശ്രീയും നയിക്കുന്ന ഹിന്ദുസ്ഥാനി സംഗീത വിരുന്ന്, റോഷ്നി പിള്ളയും ജാന്‍വി പിള്ളയും ചേര്‍ന്നുള്ള ‘കിര്‍മീരവധം’ കഥകളി,മയാമി ടീമിന്റെ സംഗീതനാടകം ‘വൈശാലി’. വിരാട് എന്ന തീമില്‍ സമഷ്ടി എന്ന നൃത്തരൂപവും അരങ്ങേറും. സന്തോഷ് വര്‍മ്മയാണ് തീം സോങ്ങിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത്.

‘ലീല’ എന്ന പേരില്‍ കെ.എച്ച്.എന്‍.എ യുടെ വിമന്‍സ് ഫോറം നൂറോളം സ്ത്രീകള്‍ പങ്കെടുക്കുന്ന ഫെമിനിറ്റി ബേസ്ഡ് ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നുണ്ട്. മെഗാതിരുവാതിര, മെഗാ മോഹിനിയാട്ടം, ‘അരങ്ങ്’ എന്ന പേരില്‍ കുട്ടികളുടെ യൂത്ത് ഫെസ്റ്റിവല്‍ എന്നിങ്ങനെ ഒട്ടനവധി പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വിവിധ കാറ്റഗറിയില്‍ കലാതിലകത്തെയും കലാപ്രതിഭയെയും കണ്ടെത്തും.

കെ.എച്ച്.എന്‍.എയുടെ 25 വര്‍ഷത്തെ ചരിത്രം പറയുന്ന കോഫീ ടേബിള്‍ ബുക്കും ‘വൈഖരി’ എന്ന മാഗസിനും പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. ഉദയഭാനു പണിക്കര്‍,രാധാകൃഷ്ണന്‍ നായര്‍, പി.എസ് നായര്‍, ഷണ്മുഖന്‍ വല്ലുശ്ശേരി, വിശ്വനാഥന്‍ പിള്ള എന്നിങ്ങനെ കെ.എച്ച്.എന്‍.എയിലെ അഞ്ച് മുതിര്‍ന്ന നേതാക്കള്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും മാധ്യമരംഗത്തുനിന്ന് പി.ശ്രീകുമാറിനും കലാരംഗത്തുനിന്ന് ചന്ദ്രിക കുറുപ്പിനും രജത ജൂബിലി പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സംവിധായകന്‍ ഹരിഹരന്റെ നേതൃത്വത്തിലുള്ള ജൂറി വിധികര്‍ത്താക്കളായ ഹ്രസ്വ ചിത്ര മത്സരത്തിലെ വിജയികളെ കണ്‍വന്‍ഷന്‍ വേദിയില്‍ പ്രഖ്യാപിക്കും. കണ്‍വന്‍ഷനുശേഷം അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമായ ബാപ്‌സ് അക്ഷര്‍ധാമിലേക്ക് യാത്രയും ഉണ്ടായിരിക്കുന്നതാണ്.

K.H.N.A silver jubilee convention Virrat 25 August 17-19

Share Email
LATEST
Top