റോജര്‍ ബിന്നി സ്ഥാനമൊഴിയുന്നു; രാജീവ് ശുക്ല ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡന്റ്‌

റോജര്‍ ബിന്നി സ്ഥാനമൊഴിയുന്നു; രാജീവ് ശുക്ല ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡന്റ്‌

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ) ഇടക്കാല പ്രസിഡന്റായി നിലവിലെ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ചുമതലയേല്‍ക്കും. മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ബി.സി.സി.ഐ പ്രസിഡന്റുമായ റോജര്‍ ബിന്നിക്ക് 70 വയസ് തികയുന്ന സാഹചര്യത്തില്‍ സ്ഥാനമൊഴിയേണ്ടി വരുന്നതിനാലാണിത്. ജൂണ്‍ 19-ന് ബിന്നിക്ക് 70 വയസ് തികയും. ബി.സി.സി.ഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. 70 വയസ് തികഞ്ഞ ഒരു വ്യക്തിക്കും ബി.സി.സി.ഐയില്‍ ഒരു സ്ഥാനവും വഹിക്കാന്‍ സാധിക്കില്ല.

2022-ല്‍ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജര്‍ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെയാകും രാജീവ് പ്രസിഡന്റ് സ്ഥാനത്ത് തുടരുക. പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റാണ് ചുമതല വഹിക്കേണ്ടത്. ഇതോടെയാണ് രാജീവിന് താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ വഴിയൊരുങ്ങിയത്. ബി.സി.സി.ഐ ഉന്നതാധികാര സമിതിയുടെ ജനറല്‍ ബോഡി അധികാരപ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനങ്ങളും കടമകളും നിര്‍വഹിക്കേണ്ടത് വൈസ് പ്രസിഡന്റാണ്.

അടുത്ത ബി.സി.സി.ഐ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ വരെ രാജീവ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയായ രാജീവ് ശുക്ല ദീര്‍ഘകാലമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ പദവികള്‍ വഹിക്കുന്നയാളാണ്. 65-കാരനായ രാജീവ് ശുക്ല 2011 മുതല്‍ 2017 വരെ ഐപിഎല്‍ കമ്മീഷണറായിരുന്നു. 2020-ലാണ് ബിസിസിഐ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

Rajive Shukla BCCI interim president

Share Email
Top