കൊച്ചി: ഡാർക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് കച്ചവടം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) കണ്ടെത്തിയതോടെ ഡാർക്ക് വെബിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശി എഡിസണെ എൻസിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ രണ്ടു വർഷമായി ഡാർക്ക് വെബ് ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.
ദേശീയ പരീക്ഷാ ഏജൻസി നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെയാണ് ഡാർക്ക് വെബ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ചോദ്യപേപ്പർ ഡാർക്ക് വെബ് വഴി പ്രചരിച്ചതിനെ തുടർന്നായിരുന്നു ഇത്. ഡാർക്ക് വെബിലെത്തിയ ചോദ്യപേപ്പർ പിന്നീട് സമൂഹമാധ്യമമായ ടെലിഗ്രാം വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു.
2023 ഒക്ടോബറിൽ സൈബർ സുരക്ഷാ സ്ഥാപനമായ റീസെക്യൂരിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 81.5 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നു. യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയാണ് റീസെക്യൂരിറ്റി. പേര്, ആധാർ, പാസ്‌പോർട്ട് വിവരങ്ങൾ, ഫോൺ നമ്പർ, വിലാസം, പ്രായം, ലിംഗം, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങൾ ചോർന്നെന്നായിരുന്നു റിപ്പോർട്ട്.
എന്താണ് ഡാർക്ക് വെബ്?
ഇന്റർനെറ്റിലെ അധോലോകം എന്ന് ഡാർക്ക് വെബിനെ വിശേഷിപ്പിക്കാം. ഇന്റർനെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത ഒരു മേഖലയാണിത്. ഡാർക്ക് വെബ് എന്നത് ഇന്റർനെറ്റിന്റെ എൻക്രിപ്റ്റ് ചെയ്ത ഭാഗമാണ്. ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് ഇവ കണ്ടെത്താൻ കഴിയില്ല. ഡാർക്ക്‌നെറ്റ് എന്നും അറിയപ്പെടുന്ന ഡാർക്ക് വെബ് ഇന്റർനെറ്റിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഒരു വലിയ ഭാഗമാണ്. എന്നാൽ, ഒരു പരിധിവരെ ചില വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും, അല്ലെങ്കിൽ ഒരു പ്രത്യേക ഓൺലൈൻ ക്ലബ്ബിലോ സോഷ്യൽ നെറ്റ്‌വർക്കിലോ ചേരാൻ ആഗ്രഹിക്കുന്ന ആളുകളും ഇത് ഉപയോഗിക്കുന്നുണ്ട്.
ഇടപാടുകാർക്കിടയിൽ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങളായതിനാൽ ഇതിലേക്ക് നുഴഞ്ഞുകയറുക പ്രയാസമാണ്. ഏതെങ്കിലും ഇടപാടുകാർ പിടിയിലായാലും എല്ലാ കണ്ണികളെയും കണ്ടെത്താൻ എളുപ്പമല്ല. അന്വേഷണ സംഘങ്ങൾ സമീപിച്ചാലും ചില രാജ്യങ്ങൾ ഡാർക്ക് നെറ്റ് വിവരങ്ങൾ കൈമാറാൻ വിസമ്മതിക്കാറുണ്ട്.
ഡാർക്ക് വെബിലേക്ക് എങ്ങനെ പ്രവേശിക്കാം?
സാധാരണ വെബ്‌സൈറ്റ് ലിങ്കുകളുടെ ഇൻഡെക്സ് ഫലങ്ങൾ ഗൂഗിളും മറ്റ് സെർച്ച് എഞ്ചിനുകളും നൽകുമ്പോൾ, ഡാർക്ക് വെബിലെ വെബ്‌സൈറ്റുകൾ സെർച്ച് എഞ്ചിനുകൾ ഇൻഡെക്സ് ചെയ്യില്ല. പകരം, ഉപയോക്താക്കൾക്ക് ഉപയോഗിക്കാനായി ഡാർക്ക് വെബ് വ്യക്തിഗത ഇമെയിലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഡാറ്റാബേസുകൾ, ഡോക്യുമെന്റുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ നൽകുന്നു.
ഫയർഫോക്സ് അല്ലെങ്കിൽ ക്രോം പോലുള്ള സാധാരണ ബ്രൗസറുകളിലൂടെ ഡാർക്ക് വെബ് ആക്സസ് ചെയ്യാൻ കഴിയില്ല. എൻക്രിപ്റ്റ് ചെയ്ത പിയർ-ടു-പിയർ നെറ്റ്‌വർക്ക് കണക്ഷൻ വഴിയോ ടോർ (The Onion Router) ബ്രൗസർ പോലുള്ള ഒരു ഓവർലേ നെറ്റ്‌വർക്ക് ഉപയോഗിച്ചോ മാത്രമേ ഇത് ആക്സസ് ചെയ്യാൻ കഴിയൂ. ഡാർക്ക് വെബ് ആക്സസ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ഐഡന്റിറ്റികൾ കൂടുതൽ സംരക്ഷിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.
ടോർ ബ്രൗസർ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സൗജന്യമാണ്, കൂടാതെ എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവർത്തിക്കുന്നു. ടോർ ബ്രൗസറിന് പുറമെ, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) വഴി ഡാർക്ക് വെബ് ആക്സസ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ഐഡന്റിറ്റികൾ കൂടുതൽ സംരക്ഷിക്കാൻ കഴിയും.
ഡാർക്ക് വെബിലെ വെബ്‌സൈറ്റ് യുആർഎല്ലുകൾ
ഡാർക്ക് വെബിലെ സൈറ്റുകൾ ആക്സസ് ചെയ്യുന്നതിന്, ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള സൈറ്റിന്റെ യുആർഎൽ അറിഞ്ഞിരിക്കണം. കാരണം ഈ സൈറ്റുകൾക്ക് അസാധാരണമായ പേരുകളായിരിക്കും. .com, .org, .edu പോലുള്ള പേരുകളായിരിക്കില്ല ഇവിടെ കാണാൻ കഴിയുക. ഡാർക്ക് വെബ് യുആർഎല്ലുകളിൽ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഒരു മിശ്രിതമായിരിക്കും, ഇത് കണ്ടെത്താനോ ഓർമ്മിക്കാനോ പ്രയാസമാക്കുന്നു.
ഡാർക്ക് വെബ് എന്നത് വലിയ കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടമെന്ന് മാത്രം കരുതേണ്ടതില്ല. വളരെ സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ സംരക്ഷിക്കാൻ ഇത്തരം എൻക്രിപ്റ്റഡ് ആയ മേഖലകളെ ഉപയോഗിക്കാൻ വഴികളുണ്ട്. പല രാജ്യങ്ങളും സുരക്ഷാ സൈനിക രഹസ്യങ്ങൾ സംരക്ഷിക്കാൻ എൻക്രിപ്റ്റഡ് വെബ് സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു.
എന്നാൽ, അനധികൃത ആയുധ വിൽപ്പന, മയക്കുമരുന്ന് കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളും ഡാർക്ക് വെബിൽ വ്യാപകമായി നടക്കുന്നുണ്ട്
Discussions about the Dark Web are back in full swing: the hidden world, the center of crime