പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ വസുധ ചക്രവര്‍ത്തി കൊല്ലൂരിൽ മരിച്ചനിലയിൽ

പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ വസുധ ചക്രവര്‍ത്തി കൊല്ലൂരിൽ മരിച്ചനിലയിൽ

കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ ബെംഗളൂരു സ്വദേശിനിയും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ വസുധ ചക്രവര്‍ത്തി (45) യെ മരിച്ച നിലയില്‍ കണ്ടെത്തി. ഓഗസ്റ്റ് 27-ന് ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയ ശേഷം കാണാതായ വസുധയെ തിരച്ചിലിനിടെ പുഴയില്‍നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്.

മാണ്ഡ്യയിലെ അയ്യങ്കാര്‍ കുടുംബാംഗമായ വസുധ സ്വയം തിരഞ്ഞെടുത്തതായിരുന്നു കാട്ടിലെ ഏകാന്തവാസവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയും. വമ്പന്‍ കോര്‍പ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ സുഖസൗകര്യങ്ങളില്‍നിന്ന് വിട്ടൊഴിഞ്ഞ് തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കാണ് വസുധ ജീവിതം പറിച്ചുനട്ടത്. മൈസൂര്‍-ഊട്ടി റോഡില്‍നിന്ന് ഉള്ളോട്ടുള്ള കല്ലട്ടിക്കുന്നിലെ ഏക്കറുകണക്കിനുള്ള കാടിന് നടുവിലുള്ള ഒരു എസ്റ്റേറ്റിലായിരുന്നു വസുധ ദീര്‍ഘകാലം താമസിച്ചിരുന്നത്. കിക്ക് ബോക്‌സിങ് താരമായ വസുധ കരാട്ടെ ബ്ലാക്ക് ബെല്‍റ്റും നേടിയിരുന്നു.

ക്ലൗഡഡ് ലെപ്പേഡിന്റെ വംശനാശ ഭീഷണി വിവരിക്കുന്ന ഒരു ഡോക്യുമെന്ററിയാണ് വസുധയുടെ ജീവിതം മുഴുവന്‍ വഴിതിരിച്ചുവിട്ടത്.ഊട്ടിയില്‍ ലൈറ്റ് ആന്‍ഡ് ഫോട്ടോഗ്രാഫിയില്‍ പഠിച്ച ശേഷമാണ് വന്യജീവി ഫോട്ടോഗ്രഫിയിലേക്ക് പൂർണമായും തിരിഞ്ഞത്.

ആദിവാസികളിൽ നിന്നുള്ള അറിവുകള്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ വസുധ, പലപ്പോഴും അവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. പണമില്ലാത്തപ്പോള്‍ ഊട്ടിയില്‍ ടാക്‌സി ഓടിച്ചും മോഡലിങ് ഫോട്ടോഗ്രാഫി ചെയ്തും ജീവിതം മുന്നോട്ടെടുത്തു. സംവിധായകന്‍ വി.കെ. പ്രകാശ് ഉള്‍പ്പെടെയുള്ളവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആന, കടുവ, പുള്ളിപ്പുലി, വിഷപ്പാമ്പ്, കരടി തുടങ്ങി നിരവധി വന്യജീവികളുമായി നേരിട്ടുള്ള അടുത്തുമുട്ടലുകളാണ് വസുധയുടെ ചിത്രങ്ങളില്‍ പതിഞ്ഞിരുന്നത്. ടെലിലെന്‍സ് ഒഴിവാക്കി അപകടസാധ്യതകളുള്ള ‘ക്ലോസ് എന്‍കൗണ്ടേഴ്‌സും’ അവര്‍ തെരഞ്ഞെടുത്തു. വന്യമൃഗങ്ങളെ നേരിടാന്‍ പ്രത്യേക രീതികളും തന്ത്രങ്ങളും അവര്‍ പിന്തുടര്‍ന്നിരുന്നു.

പ്രകൃതിയോടും വന്യജീവികളോടും ഉള്ള അതുല്യബന്ധം, കാട്ടിലെ ഏകാന്തജീവിതം, ഫോട്ടോഗ്രഫി -ഇതൊക്കെയായിരുന്നു വസുധ ചക്രവര്‍ത്തിയുടെ ജീവിതകഥ.

Renowned wildlife photographer Vasudha Chakravarthy found dead in Kollur

Share Email
Top