അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ശേഷം നടന്ന ആദ്യത്തെ പ്രധാന യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വൻ വിജയമാണ്നേടിയത്. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് കാരണം വിശദീകരിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. താൻ ബാലറ്റിൽ ഉണ്ടായിരുന്നില്ല എന്നതും, യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ‘ഷട്ട്ഡൗൺ’ (സർക്കാർ അടച്ചുപൂട്ടൽ) ആണ് റിപ്പബ്ലിക്കൻമാരുടെ പരാജയത്തിന് കാരണമെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
ട്രംപിൻ്റെ കടുത്ത എതിർപ്പിനിടെയാണ് ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സോഹ്‌റാൻ മംദാനി ചരിത്ര വിജയം നേടിയത്. മംദാനിയെ ഒരു ‘കമ്മ്യൂണിസ്റ്റ്’ എന്ന് വിളിക്കുകയും, ഇദ്ദേഹം വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്കുള്ള ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തൻ്റെ അനുയായികളോട് മംദാനിക്കെതിരെ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയ്ക്ക് വോട്ട് ചെയ്യാനും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ എതിർപ്പുകളെ മറികടന്ന് സോഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു നൂറ്റാണ്ടിലേറെയായി ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും 34-കാരനായ മംദാനി. രാജ്യത്തുടനീളം ഡെമോക്രാറ്റുകൾ നിർണായക വിജയം നേടിയ ഈ തിരഞ്ഞെടുപ്പ് ഫലം, അടുത്ത വർഷം നടക്കാനിരിക്കുന്ന നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി യുഎസ് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുന്നതിൻ്റെ സൂചനയായി കണക്കാക്കപ്പെടുന്നു.













