‘ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കാനുള്ള ഈ നീക്കം രാജ്യവിരുദ്ധം’; വനിതാ സംവരണ ബില്ലിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

‘ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കാനുള്ള ഈ നീക്കം രാജ്യവിരുദ്ധം’; വനിതാ സംവരണ ബില്ലിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സർക്കാർ സ്ത്രീകളെ മറയാക്കുകയാണെന്നും ഈ ബില്ല് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിലൂടെ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യവിരുദ്ധമായ നീക്കമാണെന്നും രാഹുൽ ആരോപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിലൂടെ ഭരണഘടനയ്ക്ക് മേൽ ‘മനുവാദം’ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചില വ്യവസായികളെയും പരോക്ഷമായി പരാമർശിച്ചുകൊണ്ട് രാഹുൽ നടത്തിയ പ്രസംഗം സഭയിൽ ഭരണപക്ഷത്തിന്റെ കനത്ത ബഹളത്തിന് കാരണമായി. പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നും സഭയിൽ രാഹുൽ ക്ഷമ ചോദിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. എന്നാൽ തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന രാഹുൽ, സ്ത്രീകളുടെ ചാമ്പ്യനാകാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം വെറും നാടകം മാത്രമാണെന്ന് പരിഹസിച്ചു. 60 വർഷം രാജ്യം ഭരിച്ചിട്ടും കോൺഗ്രസ് എന്തുകൊണ്ട് ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകിയില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഈ സമയം സഭയിൽ തിരിച്ചടിച്ചു.

രാഹുലിന്റെ പരാമർശങ്ങളിൽ സ്പീക്കർ അതൃപ്തി രേഖപ്പെടുത്തുകയും പാർലമെന്ററി മര്യാദകൾ പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതോടെ സഭയിൽ സംഘർഷാവസ്ഥ നിലനിന്നു. ജുഡീഷ്യറിയിലും സ്വകാര്യ മേഖലയിലും ഒബിസി വിഭാഗങ്ങൾ തഴയപ്പെടുകയാണെന്നും ഈ വിവേചനത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാഹുൽ വ്യക്തമാക്കി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രതിപക്ഷ നേതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Share Email
LATEST
More Articles
Top