എപ്‌സ്റ്റൈൻ ഫയലുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയില്ലെന്ന് മുൻ യു.എസ് അറ്റോർണി ജനറൽ പാം ബോണ്ടി; ഹൗസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി

എപ്‌സ്റ്റൈൻ ഫയലുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയില്ലെന്ന് മുൻ യു.എസ് അറ്റോർണി ജനറൽ പാം ബോണ്ടി; ഹൗസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ അന്തരിച്ച ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റൈന്റെ കേസ് ഫയലുകൾ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്വീകരിച്ച നടപടികളെ ശക്തമായി ന്യായീകരിച്ച് മുൻ യു.എസ് അറ്റോർണി ജനറൽ പാം ബോണ്ടി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന, റിപ്പബ്ലിക്കൻമാരുടെ നേതൃത്വത്തിലുള്ള ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ മൊഴി നൽകാൻ എത്തിയപ്പോഴാണ് അവർ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് അറിയാവുന്നിടത്തോളം ‘എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്പാരൻസി ആക്ട്’ പ്രകാരം ആവശ്യപ്പെട്ട എല്ലാ രേഖകളും വകുപ്പ് ഹാജരാക്കിയിട്ടുണ്ടെന്ന് പാനലുമായുള്ള അടച്ചിട്ട മുറിയിലെ അഭിമുഖത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ ബോണ്ടി അവകാശപ്പെട്ടു. സമീപമാസങ്ങളിൽ കേസ് രേഖകൾ പുറത്തുവിട്ടതിലൂടെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സമാനതകളില്ലാത്ത സുതാര്യതയാണ് കാണിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയെ പദവിയിൽ നിന്ന് നീക്കി രണ്ട് മാസം പിന്നിടുമ്പോഴാണ് പാം ബോണ്ടി ജനപ്രതിനിധികൾക്ക് മുന്നിൽ വിശദീകരണവുമായി എത്തുന്നത്. ദിവസങ്ങൾക്ക് മുൻപാണ് തനിക്ക് തൈറോയ്ഡ് കാൻസർ ബാധിച്ച വിവരം അവർ പരസ്യമാക്കിയത്. ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് വലിയ തർക്കങ്ങൾക്ക് കാരണമായ എപ്‌സ്റ്റൈൻ കേസ് ഫയലുകൾ കൈകാര്യം ചെയ്ത രീതിയിലാണ് നിലവിൽ സമിതി ചോദ്യം ചെയ്യൽ നടത്തുന്നത്. അന്തരിച്ച ലൈംഗിക കുറ്റവാളിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സമിതി നടത്തുന്ന 13-ാമത്തെ അഭിമുഖമാണിത്. തങ്ങൾ ഈ അന്വേഷണത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇരകൾക്ക് നീതി ഉറപ്പാക്കാനും അമേരിക്കൻ ജനതയ്ക്ക് മുന്നിൽ സത്യം കൊണ്ടുവരാനും തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോമർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുൻ അറ്റോർണി ജനറലിനെ ക്യാമറയ്ക്ക് മുന്നിൽ ഇരുത്തി ചോദ്യം ചെയ്യാനോ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യിക്കാനോ തയ്യാറാകാത്ത റിപ്പബ്ലിക്കൻമാരുടെ നടപടിക്കെതിരെ സമിതിയിലെ ഡെമോക്രാറ്റിക് അംഗമായ റോബർട്ട് ഗാർഷ്യ രംഗത്തെത്തി. ബോണ്ടിയുടെ അഭിമുഖത്തിന്റെ വിവരങ്ങൾ രേഖപ്പെടുത്തുകയും പിന്നീട് പരസ്യമാക്കുകയും ചെയ്യുമെങ്കിലും, ഇത് സത്യപ്രതിജ്ഞയ്ക്ക് കീഴിലും വീഡിയോയിൽ പകർത്തിയും ചെയ്യേണ്ടതായിരുന്നു എന്ന് ഗാർഷ്യ ചൂണ്ടിക്കാട്ടി.

ബോണ്ടിയുടെ സന്ദർശനത്തിന് മുന്നോടിയായി എപ്‌സ്റ്റൈന്റെ ക്രൂരതയ്ക്ക് ഇരയായവരുടെ ഒരു കൂട്ടായ്മ മാധ്യമങ്ങളെ കണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് അറിയാത്ത പല വിവരങ്ങളും പാം ബോണ്ടിക്ക് അറിയാമെന്ന് വിശ്വസിക്കുന്നതായി ഇരകളിലൊരാളായ മരീന ലാസെർഡ പറഞ്ഞു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ പക്കലുള്ള 2.5 ദശലക്ഷത്തോളം രേഖകൾ ഇനിയും പുറത്തുവിട്ടിട്ടില്ലെന്നും, പ്രസിദ്ധീകരിച്ച 3.5 ദശലക്ഷം പേജുകളിൽ ഭൂരിഭാഗവും പല വിവരങ്ങളും മറച്ചുവെച്ച നിലയിലാണെന്നും ആരോപണമുണ്ട്. ഫയലുകൾ കൈകാര്യം ചെയ്തതിലെ സുതാര്യതക്കുറവിനെ തുടർന്ന് പാം ബോണ്ടിക്ക് മുൻപ് ഇരുപാർട്ടികളിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. രേഖകളിൽ ഇരകളുടെ സ്വകാര്യ വിവരങ്ങൾ അബദ്ധത്തിൽ വെളിപ്പെട്ടതിലും അവർ നേരത്തെ വലിയ തോതിൽ പ്രതിക്കൂട്ടിലായിരുന്നു.

Share Email
LATEST excelnclexrn
More Articles
Top