തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരണത്തിൽ വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഗവർണർ രാജേന്ദ്ര ആർലേക്കറുടെ തടസ്സവാദം. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച വിജയ്‍നോട്, സഭയിൽ കേവല ഭൂരിപക്ഷം തെളിയിക്കുന്ന 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഹാജരാക്കാൻ ഗവർണർ ആവശ്യപ്പെട്ടു. ഇതോടെ ഉടൻ അധികാരമേൽക്കാമെന്ന വിജയ്‍ന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.
ആകെ 234 സീറ്റുകളുള്ള നിയമസഭയിൽ 108 സീറ്റുകളാണ് ടിവികെയ്ക്ക് ഉള്ളത്. അഞ്ച് സീറ്റുകളുള്ള കോൺഗ്രസ് പിന്തുണ നൽകിയതോടെ വിജയ്‍ന്റെ പക്ഷത്തുള്ള അംഗബലം 113 ആയി. എന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലെത്താൻ അഞ്ച് പേരുടെ കൂടി പിന്തുണ ആവശ്യമാണ്. 118 പേരുടെ ഒപ്പുള്ള കത്ത് നൽകിയാൽ മാത്രമേ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകൂ എന്ന നിലപാടിലാണ് രാജ്ഭവൻ. വിഷയത്തിൽ ഗവർണർ നിയമോപദേശവും തേടിയിട്ടുണ്ട്.
നിലവിൽ ഡിഎംകെ സഖ്യത്തിലുള്ള ഇടതുപാർട്ടികളുടെയും വിസികെയുടെയും നിലപാടാണ് വിജയ്‍ന് നിർണ്ണായകമാകുക. ഇവരുടെ പക്കലുള്ള ആറ് സീറ്റുകൾ കൂടി ലഭിച്ചാൽ മാത്രമേ ടിവികെയ്ക്ക് ഭൂരിപക്ഷം തികയ്ക്കാനാകൂ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്ന വിജയ്‍ന്റെ നീക്കത്തിനാണ് ഗവർണർ തടയിട്ടിരിക്കുന്നത്. ഇതോടെ പിന്തുണ ഉറപ്പാക്കാനായി മറ്റ് പാർട്ടികളുമായി വിജയ് വരും മണിക്കൂറുകളിൽ കൂടുതൽ ചർച്ചകൾ നടത്തും.















