അമേരിക്കയുടെ നിലപാടില്ലായ്മ പ്രതിസന്ധിയാകുന്നുവെന്ന് ഇറാൻ; ചർച്ചകൾ വഴിമുട്ടിച്ച് വാഷിംഗ്ടൺ ലക്ഷ്യങ്ങൾ മാറ്റുകയാണെന്ന് എസ്മായിൽ ബഗായ്

അമേരിക്കയുടെ നിലപാടില്ലായ്മ പ്രതിസന്ധിയാകുന്നുവെന്ന് ഇറാൻ; ചർച്ചകൾ വഴിമുട്ടിച്ച് വാഷിംഗ്ടൺ ലക്ഷ്യങ്ങൾ മാറ്റുകയാണെന്ന് എസ്മായിൽ ബഗായ്

ടെഹ്‌റാൻ: അമേരിക്കയുമായി ചർച്ച നടത്തുന്നതിൽ ഇറാൻ നേരിടുന്ന പ്രധാന തടസ്സം വാഷിംഗ്ടണിന്റെ അടിക്കടി മാറുന്നതും പരസ്പരവിരുദ്ധവുമായ നിലപാടുകളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ്. അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ പ്രതിനിധിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പാകിസ്ഥാൻ മധ്യസ്ഥർ മുഖേന ഇരുരാജ്യങ്ങളും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും, ഓരോ തവണയും അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ മാറ്റുന്നതും വിവിധ ഉദ്യോഗസ്ഥർ വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതും ചർച്ചാ നടപടികളെ സങ്കീർണ്ണമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര ആണവ നിർവ്യാപന കരാർ പ്രകാരം സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സമ്പുഷ്ടീകരണം നടത്താനുള്ള ഇറാന്റെ അവകാശത്തെ അമേരിക്ക അംഗീകരിക്കുകയാണ് ചർച്ചകൾ വിജയകരമാകാനുള്ള പ്രധാന വഴിയെന്ന് ബഗായ് ചൂണ്ടിക്കാട്ടി. വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ശതകോടിക്കണക്കിന് ഡോളറിന്റെ സ്വത്തുക്കൾ വിട്ടുകിട്ടണമെന്നത് ഇറാന്റെ ശക്തമായ ആവശ്യമാണ്. എന്നാൽ, ഭാവിയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഈ സ്വത്തുക്കൾ ഉപയോഗിക്കാൻ അമേരിക്കൻ ട്രഷറി വകുപ്പ് പദ്ധതിയിടുന്നതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.

ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കണമെന്നും തങ്ങളുടെ സ്വത്തുക്കൾ സ്വന്തം ആവശ്യങ്ങൾക്കായി ലഭ്യമാക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ അമേരിക്ക ഒട്ടും ബഹുമാനിക്കുന്നില്ലെന്നും ഹോർമുസ് കടലിടുക്കിലും അന്താരാഷ്ട്ര സമുദ്രമേഖലയിലും ഇറാന്റെ വാണിജ്യ കപ്പലുകളെ അമേരിക്കൻ സൈന്യം ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വാഷിംഗ്ടണിന്റെ ഈ നിരുത്തരവാദപരമായ സമീപനമാണ് മേഖലയെ അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്നത്. എന്നാൽ ശനിയാഴ്ച രാത്രിയും ഭീഷണിയുയർത്തിയ ഇറാന്റെ രണ്ട് ഡ്രോണുകൾ വെടിവച്ചിട്ടതായി യു.എസ് സൈന്യം അവകാശപ്പെടുമ്പോൾ, തങ്ങൾക്കെതിരെയുള്ള ഏത് ആക്രമണത്തിനും സർവ്വശക്തിയുമെടുത്ത് തിരിച്ചടി നൽകാൻ ഇറാന്റെ സായുധസേന സന്നദ്ധമാണെന്ന കടുത്ത മുന്നറിയിപ്പാണ് വിദേശകാര്യ വക്താവ് നൽകുന്നത്.

Share Email
LATEST excelnclexrn
More Articles
Top