pulimoottil

തുര്‍ക്കിക്ക് എഫ് –35 യുദ്ധവിമാനങ്ങള്‍ വില്‍ക്കരുതെന്ന് നെതന്യാഹു: വില്‍പന പരിഗണനയിലെന്നു ട്രംപ്

തുര്‍ക്കിക്ക് എഫ് –35 യുദ്ധവിമാനങ്ങള്‍ വില്‍ക്കരുതെന്ന് നെതന്യാഹു: വില്‍പന പരിഗണനയിലെന്നു ട്രംപ്

വാഷിംഗടണ്‍: യുഎസിന്റെ അത്യാധുനിക F-35 യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്ക് വില്‍ക്കരുതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ട്രംപ് തുര്‍ക്കിയെ പ്രശംസിക്കുകയും എഫ്-35 വില്‍പ്പന പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

തുര്‍ക്കി അമേരിക്കയുടെ വിശ്വസ്ത സഖ്യരാജ്യമല്ലെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഇസ്രയേലിനെ നശിപ്പിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നെതന്യാഹു ആരോപിച്ചു. മുസ്ലിം ബ്രദര്‍ഹുഡിന്റെ സ്വാധീനത്തിലുള്ള ഭരണകൂടമാണ് തുര്‍ക്കിയിലേതെന്നും അദ്ദേഹം വിമര്‍ശിച്ചു. തുര്‍ക്കിക്ക് എഫ്–35 വിമാനങ്ങള്‍ നല്‍കുന്നത് പശ്ചിമേഷ്യയിലെ സൈനിക ശക്തികളുടെ സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, തുര്‍ക്കിയെ ‘വളരെ ശക്തമായ രാജ്യം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അതിന് ശക്തമായ സൈന്യവും മികച്ച സൈനിക ഉപകരണങ്ങളുമുണ്ടെന്ന് പറഞ്ഞു. എഫ് -35 ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമാണെന്നും തുര്‍ക്കിക്ക് അത് വില്‍ക്കുന്നതിന്റെ കാര്യം ഭരണകൂടം ഉടന്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് എസ് -400 വ്യോമപ്രതിരോധ സംവിധാനം വാങ്ങിയതിനെ തുടര്‍ന്ന് തുര്‍ക്കിക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാനും ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, അമേരിക്കന്‍ നിര്‍മിത എഫ് 35 യുദ്ധവിമാനങ്ങളും തദ്ദേശീയ കെഎഎഎന്‍ യുദ്ധവിമാന പദ്ധതിക്കുള്ള അമേരിക്കന്‍ എന്‍ജിനുകളും സ്വന്തമാക്കുന്നതിനുള്ള കരാറിലേക്ക് രാജ്യം അടുത്തെത്തിയെന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Netanyahu says F-35 fighter jets should not be sold to Turkey; Trump says sale is under consideration.

Share Email
Top