വാഷിംഗ്ടൺ: ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി, സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവരെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായ വെളിപ്പെടുത്തൽ.ഇത് സംബന്ധിച്ച് യു എസ് എ ഇറാന് രഹസ്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് “ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ എട്ടിലെ ഒന്നാം വെടിനിർത്തലിനു ശേഷമുള്ള ആഴ്ചകളിൽ വധശ്രമങ്ങൾ നടത്താനായിരുന്നു ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ളവരെ ഇസ്രയേൽ വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം. ഏപ്രിൽ 12 ന് ഇസ്ലാമാബാദിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തിരികെ വരികയായിരുന്ന സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനം ലക്ഷ്യമിട്ട് രണ്ട് ഇസ്രയേലി യുദ്ധവിമാനങ്ങൾ ഇറാഖ് വ്യോമപാത വഴി ഇറാനിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായി യുഎസ് അധികൃതർ കണ്ടെത്തി.
രഹസ്യ വിവരം ലഭിച്ചയുടൻ ഇറാൻ ഈ അറിയിപ്പ് വിമാനത്തിലേക്ക് കൈമാറുകയും, മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ വിമാനം നിശ്ചയിച്ച പാത മാറി ഇറാന്റെ വടക്കൻ പ്രവിശ്യയായ മഷ്ഹദിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
ഇറാൻ വിഷയത്തിൽ ഇസ്രയേലും അമേരിക്കയും പുലർത്തിപ്പോന്ന സമാന താൽപര്യങ്ങളിൽ ഏപ്രിൽ മാസത്തോടെ തന്നെ വലിയ തകർച്ചയുണ്ടായതായി ഈ സംഭവം തെളിയിക്കുന്നു. യുഎസും ഇറാനും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും വ്യത്യസ്‌തമായ വഴികളാണ് തിരഞ്ഞെടുത്തത്. ഇസ്രയേലിന്റെ കടുത്ത എതിർപ്പുകളെയും നെതന്യാഹുവിൻ്റെ പരസ്യമായ തള്ളിപ്പറയലുകളെയും അവഗണിച്ചാണ് അമേരിക്ക സമാധാന ചർച്ചകളുമായി മുന്നോട്ടു പോയത്.
Revelation that Israel had planned to assassinate Iran’s top leaders.
















