ടെഹ്റാൻ: അമേരിക്ക പ്രഖ്യാപിച്ച ഉപരോധ ഭീഷണികൾക്ക് പിന്നാലെ ഇറാന്റെ ഔദ്യോഗിക കറൻസിയായ റിയാലിന്റെ മൂല്യം എക്കാലത്തെയും വലിയ തകർച്ചയിലേക്ക് നിലംപതിച്ചു. തുറന്ന വിപണിയിൽ ഒരു യുഎസ് ഡോളറിന് 20 ലക്ഷത്തിലധികം റിയാൽ എന്ന റെക്കോർഡ് ഇടിവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഔദ്യോഗിക സെൻട്രൽ ബാങ്ക് നിരക്കിനേക്കാൾ 29 ശതമാനം കുറഞ്ഞ മൂല്യത്തിലാണ് ഇരട്ട വിപണിയിൽ വ്യാപാരം പുരോഗമിക്കുന്നത്.
ഈ കടുത്ത പ്രതിസന്ധിക്കിടയിലും വ്യാപാര ആവശ്യങ്ങൾക്കായി വിദേശ കറൻസിയുടെ ലഭ്യത ഉറപ്പാക്കുമെന്നും, നിലവിലെ തകർച്ച താൽക്കാലികം മാത്രമാണെന്നും വ്യക്തമാക്കി രാജ്യത്തെ സംരംഭകർക്ക് ഉറപ്പുനൽകാൻ ഇറാൻ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദോൾനാസർ ഹെമ്മാതി രംഗത്തെത്തി. വർഷാവസാനത്തോടെ വ്യവസായ മേഖലയ്ക്കായി 20 ശതകോടി ഡോളർ മൂല്യമുള്ള വിദേശ കറൻസി ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അവശ്യവസ്തുക്കളുടെയും മരുന്നുകളുടെയും ഇറക്കുമതിക്കായി ആവശ്യമായ ഫണ്ട് പൂർണ്ണമായും ഉറപ്പുനൽകുമെന്നും കൂട്ടിച്ചേർത്തു.
എന്നാൽ റിയാലിന്റെ മൂല്യത്തകർച്ച ഇറക്കുമതിച്ചെലവ് കുത്തനെ കൂട്ടുമെന്നതിനാൽ ഇത് രാജ്യത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. അമേരിക്കൻ ട്രഷറി വിഭാഗം ഇറാനെതിരെ പുതിയ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതും രാജ്യത്തെ നിലവിലെ പ്രതിസന്ധി ഇരട്ടിയാക്കുന്നു. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 100 ശതമാനവും കടന്ന് കുതിക്കുകയും തൊഴില്ലായ്മ രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ ഇക്കൊല്ലം ഇറാന്റെ സാമ്പത്തിക രംഗത്ത് 5 ശതമാനത്തിലധികം ഇടിവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തുന്നു. ഇതോടെ ഇറാനിയൻ ജനതയും വ്യവസായ മേഖലയും കടുത്ത സാമ്പത്തിക അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്.

















