ടെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാർസിലെ പ്രോസസിംഗ് റിഫൈനറിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 70 ശതമാനം പൂർത്തിയായതായി ഇറാൻ എണ്ണ മന്ത്രാലയം. മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഷാന’ ആണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വർഷമുണ്ടായ 12 ദിവസം നീണ്ടുനിന്ന ഇറാൻ-ഇസ്രായേൽ യുദ്ധത്തിനിടയിലാണ് ഇറാന്‍റെയും ഖത്തറിന്‍റെയും അതിർത്തിയിലുള്ള ഈ പ്രകൃതിവാതക കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് തൊട്ടുപിന്നാലെ പുനർനിർമ്മാണം ആരംഭിച്ചിരുന്നുവെന്നും 2027 മാർച്ച് അവസാനത്തോടെ (ഇറാനിയൻ കലണ്ടർ വർഷത്തിന്റെ അവസാനം) അറ്റകുറ്റപ്പണികൾ പൂർണ്ണമായി പൂർത്തിയാക്കാൻ കഴിയുമെന്നും പാർസ് ഓയിൽ ആൻഡ് ഗ്യാസ് കമ്പനി സിഇഒ തോരാജ് ദെഹ്ഖാനി വ്യക്തമാക്കി.
ഖത്തറുമായി പങ്കിടുന്ന ഈ വാതക പാടത്തെ തന്ത്രപ്രധാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന്, തിരിച്ചടിയായി അയൽരാജ്യങ്ങളിലെ എണ്ണ-ഊർജ്ജ നിലയങ്ങൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും തങ്ങളുടെ ഊർജ്ജ മേഖലയുടെ വീണ്ടെടുപ്പ് വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കുന്നത്.















