നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നു. ദുരന്തത്തിൽ 8 മലയാളികൾ അടക്കം 320 ഇന്ത്യക്കാരെയും 100 ഇന്ത്യൻ വംശജരെയും കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, നേപ്പാളിൽ നിന്ന് ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും, രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ 21 പേരെ നാട്ടിലെത്തിച്ചതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കുകയുണ്ടായി.
ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 പേരും മറ്റ് 400 ഇന്ത്യക്കാരും ത്രിശൂലി പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരും സുരക്ഷിതരാണ്. തുരങ്കങ്ങളിൽ തടസ്സപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ബെയ്ലി പാലങ്ങൾ നിർമ്മിച്ച് നൽകാനും എൻ.ഡി.ആർ.എഫ് സംഘത്തെ അയക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും സ്വന്തം ഏജൻസികൾ വഴി രക്ഷാപ്രവർത്തനം നടത്താനാണ് നേപ്പാളിന്റെ തീരുമാനം.
നിലവിൽ വിദേശ ഏജൻസികളുടെ സേവനം തേടുന്നില്ലെന്നും എന്നാൽ ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുമെന്നും നേപ്പാൾ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും പ്രളയസാധ്യതയുള്ളതിനാൽ ത്രിശൂൽ മേഖലയിലും ടിബറ്റൻ അതിർത്തി മേഖലയിലും തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
















