വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സില്‍ 50,000 ഡോളര്‍ വരെ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 22ന് പുറത്തുവിട്ട സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖകള്‍ പ്രകാരം, ജൂണ്‍ 23ന് ട്രംപ് 15,001 മുതല്‍ 50,000 ഡോളര്‍ വരെ മൂല്യമുള്ള സ്‌പേസ് എക്‌സ് ഓഹരികള്‍ വാങ്ങി. ഓഗസ്റ്റ് 12നാണ് അദ്ദേഹം രേഖയില്‍ ഒപ്പുവെച്ചത്. ജൂണ്‍ മാസത്തില്‍ ട്രംപ് നടത്തിയ 1,000 ത്തിലധികം ഓഹരി ഇടപാടുകളില്‍ ഒന്നായിരുന്നു ഇത്.
ജൂണ്‍ 12ന് സ്‌പേസ് എക്‌സ് പ്രാഥമിക ഓഹരി വില്‍പ്പന (കജഛ) നടത്തിയിരുന്നു. ഈ ഐപിഒ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. മസ്‌ക് മുമ്പ് ട്രംപ് ഭരണകൂടവുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന സാഹചര്യത്തില്‍, പ്രസിഡന്റിന്റെ സ്‌പേസ് എക്‌സ് നിക്ഷേപം ഇരുവരും തമ്മിലുള്ള പുതിയ സാമ്പത്തിക ബന്ധമായും വിലയിരുത്തപ്പെടുന്നു.
ട്രംപിന്റെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ മൂന്നാം കക്ഷി ധനകാര്യ സ്ഥാപനങ്ങളാണ് സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അമേരിക്കന്‍ സൈന്യത്തിനായി കരാറുകള്‍ ഏറ്റെടുക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് സ്‌പേസ് എക്‌സ്. ഫെഡറല്‍ ഏജന്‍സികളില്‍ നിന്ന് വിവിധ അനുമതികള്‍ കമ്പനിക്ക് ആവശ്യമായി വരാറുണ്ട്. അതിനിടെ, അമേരിക്കയിലെ വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കാന്‍ ട്രംപ് വ്യാഴാഴ്ച തന്റെ ഭരണകൂടത്തോട് നിര്‍ദേശിച്ചിരുന്നു. ഈ മേഖലയിലെ പ്രധാന കമ്പനിയാണ് സ്‌പേസ് എക്‌സ്.
ഫെഡറല്‍ ഉദ്യോഗസ്ഥര്‍ സാമ്പത്തിക വെളിപ്പെടുത്തല്‍ രേഖകളില്‍ ആസ്തികളുടെ കൃത്യമായ മൂല്യം രേഖപ്പെടുത്താതെ നിശ്ചിത പരിധികളായാണ് പ്രഖ്യാപിക്കുന്നത്. അതിനാല്‍ ട്രംപ് സ്‌പേസ് എക്‌സില്‍ യഥാര്‍ത്ഥത്തില്‍ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് റോയിട്ടേഴ്‌സിന് ഉടന്‍ സ്ഥിരീകരിക്കാനായിട്ടില്ല. എന്നിരുന്നാലും, ഔദ്യോഗിക രേഖകള്‍ പ്രകാരം അദ്ദേഹത്തിന്റെ നിക്ഷേപം 15,001 മുതല്‍ 50,000 ഡോളര്‍ വരെയാണെന്നാണ് വ്യക്തമാകുന്നത്.
Report: Trump invested up to $50,000 in Musk’s SpaceX.

















