swayamvara
pulimoottil

9/11: ദുരന്തമുഖത്തെ എന്റെ ഓര്‍മ്മകള്‍; കാല്‍നൂറ്റാണ്ടിനിപ്പുറവും ഉത്തരം കിട്ടാത്ത ഒരു ചോദ്യം

9/11: ദുരന്തമുഖത്തെ എന്റെ ഓര്‍മ്മകള്‍; കാല്‍നൂറ്റാണ്ടിനിപ്പുറവും ഉത്തരം കിട്ടാത്ത ഒരു ചോദ്യം

സണ്ണി മാളിയേക്കല്‍

2001 സെപ്റ്റംബര്‍ 11. ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഭീകരാക്രമണം നടന്ന ദിവസം ഞാന്‍ ജോലി ചെയ്തിരുന്നത് വേള്‍ഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നിലുള്ള 101 ലിബര്‍ട്ടി സ്ട്രീറ്റിലെ മൂന്നുനില ബര്‍ഗര്‍ കിംഗ് കെട്ടിടത്തിലായിരുന്നു.വേള്‍ഡ് ട്രേഡ് സെന്ററിലെ വന്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണപ്പോള്‍ സമീപത്തുണ്ടായിരുന്ന ഈ ചെറിയ കെട്ടിടം വലിയ നാശനഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു.എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ ബര്‍ഗര്‍ കിംഗ് കെട്ടിടവും 9/11 ദുരന്തചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

ആക്രമണത്തിനു പിന്നാലെ സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമില്ലാത്ത അതീവ സുരക്ഷാമേഖലയായി വേള്‍ഡ് ട്രേഡ് സെന്ററിന് ചുറ്റുമുള്ള പ്രദേശം മാറി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വളണ്ടിയര്‍മാരുടെയും റെസ്‌ക്യൂ ടീമുകളുടെയും പ്രവര്‍ത്തനകേന്ദ്രമായും അവശിഷ്ടങ്ങളില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ ശേഖരിക്കുന്ന കേന്ദ്രമായും ബര്‍ഗര്‍ കിംഗ് ഉപയോഗിക്കപ്പെട്ടു.തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഫയര്‍ഫൈറ്റേഴ്‌സ് കണ്ടെത്തിയ വാച്ചിന്റെ ക്ലിപ്പുകള്‍, പല്ലുകള്‍, കണ്ണടകള്‍ തുടങ്ങി ചെറിയ വസ്തുക്കള്‍ പോലും കണ്ടെത്തിയ തീയതിയും സമയവും രേഖപ്പെടുത്തി അവിടെ സൂക്ഷിച്ചിരുന്നു. തിരിച്ചറിയാനായി ബന്ധുക്കള്‍ എത്തുന്നതും കാത്ത് അവ അവിടെ സൂക്ഷിച്ചുവെച്ചു.

ദുരന്തത്തിന്റെ പിറ്റേദിവസം വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോള്‍ റെസ്റ്റോറന്റിലെ സെയില്‍സ് വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമടങ്ങിയ ഹാര്‍ഡ് ഡ്രൈവ് സൂക്ഷിച്ചിരുന്ന ഒരു ബോക്‌സ് എന്റെ കൈയിലുണ്ടായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് സുരക്ഷാ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.മെയ്ഡന്‍ ലൈനിനോട് ചേര്‍ന്ന് എഫ്ഡിആര്‍ ഹൈവേയ്ക്ക് സമീപം മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും കാത്തുനിന്നിരുന്നു. കൈയില്‍ ബോക്‌സുമായി നടന്നുവരുന്ന എന്നെ കണ്ടതോടെ CNN, Fox, ABC തുടങ്ങിയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ ഓടിയെത്തി.
”ഇത് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ആണോ?” എന്നായിരുന്നു അവരുടെ ചോദ്യം.എന്നാല്‍ സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ ഒന്നും പറയാതെ ഞാന്‍ മുന്നോട്ടുനടന്നു.

ഏകദേശം രണ്ടുമാസത്തിനുശേഷം FBI കോര്‍ഡിനേറ്റ് ചെയ്ത ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ആന്ത്രാക്‌സ് ഭീതിയെ തുടര്‍ന്ന് മെയിലിലൂടെ വെളുത്ത പൊടി ലഭിക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരുന്ന കാലം കൂടിയായിരുന്നു അത്.ഡൗണ്‍ടൗണിലെ ഓഫീസിലെ മീഡിയ റൂമില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട് അവയില്‍നിന്ന് എന്തെങ്കിലും തിരിച്ചറിയാന്‍ കഴിയുമോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പൊടിപടലങ്ങള്‍ക്കിടയിലൂടെ ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുമ്പോള്‍ ചിലര്‍ വളരെ ശാന്തമായി വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് നോക്കിനില്‍ക്കുന്ന ദൃശ്യങ്ങളും അതിലുണ്ടായിരുന്നു. എന്നാല്‍ ചിത്രങ്ങളുടെ നിലവാരം മോശമായതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

അപ്പോഴാണ് മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.ലിബര്‍ട്ടി സ്ട്രീറ്റില്‍ കോഫിയും ന്യൂസ് പേപ്പറുകളും വില്‍ക്കുന്ന, സാധാരണയായി 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ഡ്-അലോണ്‍ കിയോസ്‌കുകള്‍ ആക്രമണം നടന്ന സമയത്ത് അടഞ്ഞുകിടക്കുകയായിരുന്നു.24 മണിക്കൂറും തുറന്നിരിക്കേണ്ട ആ കടകള്‍ അന്ന് എന്തുകൊണ്ടാണ് അടഞ്ഞുകിടന്നതെന്ന സംശയം ഞാന്‍ FBI ഉദ്യോഗസ്ഥരോട് പങ്കുവച്ചു. എന്നാല്‍ അതിന് വ്യക്തമായൊരു മറുപടി എനിക്ക് ലഭിച്ചില്ല.ഇന്ന് 9/11 ദുരന്തത്തിന് കാല്‍നൂറ്റാണ്ട് തികയുന്ന വേളയിലും, വേള്‍ഡ് ട്രേഡ് സെന്ററിന് തൊട്ടുമുന്നില്‍ നിന്ന് നേരിട്ട് അനുഭവിക്കേണ്ടിവന്ന ആ ഭീതിജനകമായ നിമിഷങ്ങള്‍ മനസ്സില്‍ മങ്ങാതെ നില്‍ക്കുന്നു. ഒപ്പം, അന്ന് ഉയര്‍ന്ന ആ ചോദ്യവും – 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ആ കിയോസ്‌കുകള്‍ എന്തുകൊണ്ടാണ് അന്ന് അടഞ്ഞുകിടന്നത്?

9/11: My Memories from the Scene of the Tragedy; A Question Unanswered Even After a Quarter of a Century

Share Email
Top