ചെങ്ങന്നൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രാഷ്ട്രീയ നീക്കങ്ങളാണ് നടത്തുന്നതെന്നും അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എക്‌സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ തനിക്കെതിരെ കേസെടുക്കാൻ ഇ.ഡി പോലീസിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയായിരുന്നു പ്രതികരണം. എന്നാൽ ചെങ്ങന്നൂരിൽ തനിക്കെതിരായ റിപ്പോർട്ടിനെപ്പറ്റി നേരിട്ട് പറയാതിരുന്ന അദ്ദേഹം കരുവന്നൂർ ബാങ്ക് കേസ് ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയെ വിമർശിച്ചത്.
കരുവന്നൂരിൽ എൽ.ഡി.എഫ് സർക്കാർ ശക്തമായ നടപടിയെടുത്തെങ്കിലും ഇ.ഡി ഇടപെട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതിയാക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം. അഴിമതിക്കാരെ കണ്ടെത്തി നടപടിയെടുത്തപ്പോഴാണ് ഇ.ഡി കടന്നുവന്നതെന്നും തട്ടിപ്പുകാരെ സ്വാധീനിച്ച് മാപ്പുസാക്ഷികളാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ സഹകരണ മേഖലയെ അഴിമതി കേന്ദ്രമായി ചിത്രീകരിക്കാനാണ് ശ്രമം നടന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായി തൃശ്ശൂരിലെ സി.പി.എം ജില്ലാ സെക്രട്ടറിമാരെ പ്രതികളാക്കുന്ന സാഹചര്യമുണ്ടായി. കേന്ദ്ര ഏജൻസികളുടെ ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

















