വാഷിംഗ്ടൺ: പെന്റഗണിൽ നടന്ന സെപ്റ്റംബർ 11 ഭീകരാക്രമണ അനുസ്മരണച്ചടങ്ങിൽ ഹീറോകളെ ആദരിച്ചതിന് പിന്നാലെ, ഇറാന് എതിരായ യുദ്ധത്തെക്കുറിച്ചും രാജ്യത്തിന്റെ സൈനിക സന്നദ്ധതയെക്കുറിച്ചും സംസാരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. പോരാട്ടങ്ങൾക്കായി പുതിയൊരു തലമുറയെ അമേരിക്ക സജ്ജമാക്കുകയാണെന്ന് ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആറ് മാസമായി ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ പിന്തുണക്കാരായ രാജ്യത്തെ തങ്ങൾ തകർത്തുതരിപ്പണമാക്കുകയാണെന്ന് ഇറാന്റെ പേരെടുത്തു പറയാതെ ഹെഗ്സെത്ത് കൂട്ടിച്ചേർത്തു. അർദ്ധസെഞ്ചുറിയോളമായി അമേരിക്കയുടെ നാശം ആഗ്രഹിക്കുകയും, സെപ്റ്റംബർ 11 ആക്രമണത്തെ ആഘോഷമാക്കുകയും ചെയ്ത ഇസ്ലാമിക ഭരണകൂടത്തോടാണ് തങ്ങളുടെ യോദ്ധാക്കൾ പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും തങ്ങളുടെ സഹപ്രവർത്തകരടക്കം ആയിരക്കണക്കിന് അമേരിക്കക്കാരെ കൊലപ്പെടുത്തിയ ഭീകരാക്രമണങ്ങൾക്ക് പതിറ്റാണ്ടുകളായി പിന്തുണ നൽകുന്ന ഭരണകൂടമാണിതെന്നും, എന്നാൽ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റിന്റെ ശക്തമായ നിലപാടുകളെ അവർ കണക്കിലെടുത്തില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭീകരരെ അവർ അർഹിക്കുന്നിടത്തേക്ക് അയക്കുന്ന നടപടി ഇപ്പോഴും തുടരുകയാണെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി. കടലിന്റെ അടിത്തട്ടിലേക്ക് ഇറാനിയൻ ടാങ്കറുകളെ താഴ്ത്തുകയും, ഇറാൻ ഒരിക്കലും ഒരു ആണവായുധവും സ്വന്തമാക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും പെന്റഗണിലെ പ്രസംഗത്തിനിടെ യുഎസ് പ്രതിരോധ സെക്രട്ടറി കൂട്ടിച്ചേർത്തു.

















