അയോവയിലെ സൈനിക കേന്ദ്രത്തിൽ അഞ്ച് ടൺ സ്ഫോടകവസ്തുക്കൾ ബുധനാഴ്ച രാവിലെ നിർവീര്യമാക്കും; സമയക്രമം പ്രഖ്യാപിച്ച് സൈന്യം

അയോവയിലെ സൈനിക കേന്ദ്രത്തിൽ അഞ്ച് ടൺ സ്ഫോടകവസ്തുക്കൾ ബുധനാഴ്ച രാവിലെ നിർവീര്യമാക്കും; സമയക്രമം പ്രഖ്യാപിച്ച് സൈന്യം

വാഷിംഗ്ടൺ: രാഷ്ട്രീയ വിവാദങ്ങൾക്കും കോടതി വ്യവഹാരങ്ങൾക്കും ഒടുവിൽ, അയോവയിലെ മിഡിൽടൗണിലുള്ള സൈനിക ആയുധ നിർമ്മാണ ശാലയിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ച് ടൺ ‘ലെഡ് അസൈഡ്’ സ്ഫോടകവസ്തുക്കൾ ബുധനാഴ്ച രാവിലെ 9 മണിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ നശിപ്പിക്കുമെന്ന് ആക്ടിംഗ് ആർമി സെക്രട്ടറി ആദം ടെല്ലെ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് വിഷാംശമുള്ള ലെഡ് പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ പടരുന്നത് തടയാൻ അഭൂതപൂർവ്വവും നൂതനവുമായ സുരക്ഷാ ക്രമീകരണങ്ങളാണ് സൈന്യം ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

താപനില താഴുന്നതിനനുസരിച്ച് ഈ രാസവസ്തു കൂടുതൽ അപകടകരമായി മാറുമെന്നും, അനിയന്ത്രിതമായ പൊട്ടിത്തെറി ഒഴിവാക്കാൻ ബുധനാഴ്ച രാവിലെ 9 മണി തന്നെയാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും ടെല്ലെ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ അനുകൂലമായ കാറ്റിന്റെ ഗതിയും കാലാവസ്ഥയുമാണ് ബുധനാഴ്ച പ്രവചിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംഘടനകളായ സിയറ ക്ലബ്ബ്, അയോവ എൻവയോൺമെന്റൽ കൗൺസിൽ എന്നിവർ നൽകിയ ഹർജി തള്ളി തിങ്കളാഴ്ച ഫെഡറൽ അപ്പീൽ കോടതി സ്ഫോടനത്തിന് അനുമതി നൽകിയിരുന്നു. നിയന്ത്രിത സ്ഫോടനം നടത്തിയാൽ 100 മൈൽ ചുറ്റളവിൽ വിഷപ്പുക പടരുമെന്നായിരുന്നു പരിസ്ഥിതി സംഘടനകളുടെ വാദം. എന്നാൽ, കാലപ്പഴക്കം ചെന്ന സ്ഫോടകവസ്തുക്കൾ സ്വയം പൊട്ടിത്തെറിക്കുന്ന വലിയ ദുരന്തം ഒഴിവാക്കാൻ സുരക്ഷാ മുൻകരുതലുകളോടെയുള്ള നിയന്ത്രിത സ്ഫോടനമാണ് ഉചിതമെന്ന് കോടതി വിലയിരുത്തി. നിലവിലെ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സും പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

അതേസമയം, നിയുക്ത ഡെമോക്രാറ്റിക് ഗവർണർ റോബ് സാൻഡ് അനുമതി നൽകിയാൽ മാത്രമേ സ്ഫോടനം നടത്തുകയുള്ളൂവെന്നും, അല്ലെങ്കിൽ ഭാവിയിലുണ്ടാകുന്ന ഏതൊരു നാശനഷ്ടത്തിനും അദ്ദേഹം ഉത്തരവാദിയായിരിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച രാവിലെ സമൂഹമാധ്യമത്തിലൂടെ പ്രസ്താവിച്ചിരുന്നു. എന്നാൽ, മാസങ്ങൾക്ക് മുൻപ് തന്നെ വിദഗ്ധരെ നിയോഗിച്ച ഭരണകൂടം ലഭ്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടതെന്ന് റോബ് സാൻഡ് തിരിച്ചടിച്ചു. സ്ഫോടനത്തിന്റെ ഭാഗമായി മിഡിൽടൗണിലെ താമസക്കാരോട് ആറ് മണിക്കൂർ നേരത്തേക്ക് വീടുകളിൽ നിന്ന് മാറിനിൽക്കാനും, സമീപപ്രദേശങ്ങളിലുള്ളവർ വീടിനുള്ളിൽ തന്നെ കഴിയാനും സൈന്യം നിർദ്ദേശം നൽകിയിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top