കീവ്: റഷ്യയുടെ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പി ക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് മറുപടിയുമായി യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി. അമേരിക്ക യുക്രെയ്നിന് ശക്തമായ പാട്രിയറ്റ് മിസൈലുകള്‍ നല്കിയാല് റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ ആക്രമിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താമെന്നാണ് സെലന്‍സ്കിയുടെ നിര്‍ദേശം. ഒരു മാസത്തേക്ക് മിസൈല്‍ സംവിധാനങ്ങള്‍ നല്കിയാല് അതേ കാലയളവില്‍ റഷ്യന്‍ എണ്ണശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജമേഖലയിലെ പരസ്പര ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം നിലനില്‍ക്കെയാണ് സെലന്‍സ്കിയുടെ പ്രതികരണം.
ഇറാനുമായുള്ള യുദ്ധവും റഷ്യ-യുക്രെയ്ന് സംഘര്‍ഷവും മൂലം ആഗോള ഊര്‍ജവില ഉയര്‍ന്നത് അമേരിക്കയിലും പണപ്പെരുപ്പത്തിന് സമ്മര്‍ദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഇടപെടല്‍. ഇരുരാജ്യങ്ങളും പരസ്പരം ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. വിഷയത്തില്‍ ട്രംപുമായും അദ്ദേഹത്തിന്റെ സംഘവുമായും പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ഞായറാഴ്ച ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സെലന്‍സ്കി പറഞ്ഞു. റഷ്യ യുക്രെയ്നിന്റെ വൈദ്യുതി, വാതക സംവിധാനങ്ങള്‍, എണ്ണശുദ്ധീകരണശാലകള്‍ എന്നിവ ആക്രമിക്കുകയും ജനങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ തിരിച്ചടിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയുടെ എണ്ണശുദ്ധീകരണശാലകള്‍ ആക്രമിക്കരുതെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ റഷ്യയും യുക്രെയ്നിന്റെ ഊര്‍ജമേഖലയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സെലന്‍സ്കി പറഞ്ഞു. അല്ലെങ്കില്‍ പാട്രിയറ്റ് മിസൈലുകള്‍ നല്‍കണമെന്നും അതിനുള്ള പണം കണ്ടെത്താന്‍ യുക്രെയ്ന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ സഹായം മാത്രമല്ല, ആവശ്യമായ സാമ്പത്തിക വിഭവങ്ങള്‍ കണ്ടെത്താനും രാജ്യം തയ്യാറാണെന്നാണ് സെലന്‍സ്കിയുടെ നിലപാട്. ട്രംപിനെ സമ്മര്‍ദത്തിലാക്കാനുള്ള നീക്കമാണോ ഇതെന്ന ചോദ്യത്തിന്, പങ്കാളികള്‍ക്കിടയില്‍ സത്യം തുറന്നുപറയുന്നതില്‍ തനിക്ക് ആശങ്കയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതിനിടെ, യുക്രെയ്നിന് 500 പാട്രിയറ്റ് മിസൈലുകള്‍ വില്ക്കാന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച അനുമതി നല്‍കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. എന്നാല്‍ മിസൈലുകള്‍ രാജ്യത്തെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്ന് സെലന്‍സ്കി മുന്നറിയിപ്പ് നല്കി. റഷ്യന്‍ ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതില്‍ യുക്രെയ്നിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് പാട്രിയറ്റ് സംവിധാനം. പ്രതിരോധ മിസൈലുകളുടെ ശേഖരം കുറഞ്ഞുവരുന്നതായി യുക്രെയ്ന് അധികൃതര്‍ ആഴ്ചകളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പുതിയ മിസൈലുകള്‍ എത്തുന്നതുവരെ അമേരിക്കയുടെയും യൂറോപ്യന്‍ സഖ്യകക്ഷികളുടെയും കൈവശമുള്ള ശേഖരത്തില്‍നിന്ന് മിസൈലുകള്‍ നല്‍കണമെന്നും സെലന്‍സ്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, യുക്രെയ്ന് യുദ്ധത്തിനിടെ പ്രഖ്യാപിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ വെടിനിര്‍ത്തല്‍ ഞായറാഴ്ച അവസാനിച്ചു. കിഴക്കന്‍ ഖേര്‍സണ്‍ മേഖലയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന വെടിനിര്‍ത്തല്‍ നീട്ടാനുള്ള നിര്‍ദേശം റഷ്യ നിരസിച്ചതോടെയാണ് ഇത് അവസാനിച്ചതെന്ന് യുക്രെയ്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ മാസം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഈ ചര്‍ച്ചകള്‍ ഫലത്തില്‍ നിശ്ചലമായിരുന്നു.
Zelenskyy proposes a deal to Trump: Provide missiles, and attacks on Russian oil refineries will stop.



















