സ്‌കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

സ്‌കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

തിരുവനന്തപുരം: സ്‌കൂളുകളിൽ സൂംബ ഡാൻസ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു. സൂംബ പരിശീലനം നൽകുന്നതിനെ എതിർത്ത് കൂടുതൽ മുസ്ലീം സംഘടനകൾ രംഗത്തെത്തി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുവജന സംഘടനയായ എസ് വൈഎസ് ആണ് ഏറ്റവും ഒടുവിൽ വിമർശനം ഉയർത്തിയിരിക്കുന്നത്. സൂംബ ധാർമികതയ്ക്ക് ക്ഷതമേൽപ്പിക്കുന്നതാണ് എന്ന് എസ് വൈ എസ് നേതാവ് അബ്ദുൽ സമദ് പൂക്കോട്ടൂർ ആരോപിച്ചു.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ സൂംബ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷറഫ് വിമർശനം ഉന്നയിച്ചതോടെയാണ് വിഷയം സജീവ ചർച്ചയായത്. ടി കെ അഷറഫിനെ പിന്തുണയ്ച്ചും എതിർത്തും നിരവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് കൂടുതൽ സമുദായ സംഘടനങ്ങൾ പ്രതിഷേധ സ്വരം ഉയർത്തുന്നത്.

പൊതു വിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണെന്നും ആണും പെണ്ണും കൂടികലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ല എന്നായിരുന്നു അധ്യാപകൻ കൂടിയായ ടി കെ അഷറഫിന്റെ പ്രതികരണം.

സർക്കാർ നിർദേശം പാലിക്കാൻ തയാറല്ല, ഒരു അധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കും. വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നും ടി കെ അഷറഫ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സ്‌കൂളുകളിൽ കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ എന്ന പേരിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തുന്നതിനെതിരെ നേരത്തെയും ടി കെ അഷ്‌റഫ് രംഗത്തെത്തിയിരുന്നു. ഡിജെ പാർട്ടികളിലും മറ്റു ആഘോഷങ്ങളിലും യുവാക്കൾ അഭിരമിക്കുന്ന കാലമാണിത്. പിരിമുറുക്കം കുറക്കാനെന്ന പേരിൽ സ്‌കൂളുകളിൽ സൂംബാ ഡാൻസിന് വേദി ഒരുക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നാണ് ടി കെ അഷറഫിന്റെ വാദം.

എന്നാൽ, കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനുവേണ്ടി മാത്രമാണ് പരിപാടി നടത്തുന്നതെന്നും വസ്ത്ര ധാരണം വിഷയമാക്കേണ്ടതില്ലെന്നുമാണ് വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. സൂംബയ്‌ക്കെതിരായ വിമർശനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും രേഖാമൂലമുള്ള പരാതികൾ മുന്നിലില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സൂംബ നടന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Controversy rages over state government’s decision to teach Zumba dance in schools

Share Email
Top