25,000 ഡോളറിന്റെ പ്രഥമ ആര്‍ച്ചര്‍ അമിഷ് സാഹിത്യ പുരസ്‌കാരം ഡോ. ശാലിനി മുള്ളിക്കിന്‌ സമ്മാനിച്ചു

25,000 ഡോളറിന്റെ പ്രഥമ ആര്‍ച്ചര്‍ അമിഷ് സാഹിത്യ പുരസ്‌കാരം ഡോ. ശാലിനി മുള്ളിക്കിന്‌ സമ്മാനിച്ചു

ലണ്ടന്‍: പ്രഥമ ആര്‍ചര്‍ അമിഷ് സാഹിത്യ പുരസ്‌കാരം പതോളജി ഡോക്ടറും പ്രമുഖ എഴുത്തുകാരിയുമായ ഡോ. ശാലിനി മുള്ളിക്കിന്. ‘ദി വേ ഹോം’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ക്വീന്‍ എലിസബത്ത് കക സെന്ററില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തിന്റെ (ഐ.ജി.എഫ്) ലണ്ടന്‍ വേദിയില്‍ വെച്ച് യു.കെ സാംസ്‌കാരിക-മാധ്യമ-കായിക സെക്രട്ടറി ലിസ നാന്‍ഡി പുരസ്‌കാരം സമ്മാനിച്ചു. 25,000 ഡോളര്‍ ആണ് പുരസ്‌കാര തുക. സാഹിത്യത്തിനുള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണിത്.

ദുഖം, സ്വത്വം, വീണ്ടടുക്കല്‍ എന്നിവയെ കുറിച്ചാണ് ദി വേ ഹോം പ്രതിപാദിക്കുന്നത്. ഗോവയിലേക്ക് പലായനം ചെയ്യുന്ന മൂന്ന് മില്ലേനിയലുകളുടെ കഥയാണ് പുസ്തകത്തില്‍ പറയുന്നത്. അവര്‍ നേരിടുന്ന പ്രതിസന്ധികളും സൗഹൃദത്തിലൂടെയും സ്വയം കണ്ടെത്തുന്നതിലൂടെയും ശക്തി തിരിച്ചറിയുന്നതുമാണ് കഥ.

”ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഞങ്ങളെ സംബന്ധിച്ച് വളരെ ഏറെ പ്രധാനപ്പെട്ടതാണ്. വിഭജിക്കപ്പെട്ട് നില്‍ക്കാന്‍ പല കാരണങ്ങളും നമ്മള്‍ തിരയുന്നു. ലോകം ശിഥിലമാവുകയും ധ്രുവീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ തടസ്സങ്ങള്‍ മറികടക്കാന്‍ സര്‍ക്കാരുകള്‍ മുന്നിട്ടിറങ്ങേണ്ടത് അത്യാവശ്യമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഈ ഉത്തരവാദിത്തമാണ് നമ്മുക്ക് വാഗ്ദാനം ചെയ്യുന്നത്…” ഡോ. ശാലിനിക്ക് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് ലിസ നാന്‍ഡി പറഞ്ഞു.

2024-ലെ ലണ്ടന്‍ ഐ.ജി.എഫ് വേദിയില്‍ വെച്ചായിരുന്നു ആര്‍ചര്‍ അമിഷ് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചത്. ആധുനിക ഇന്ത്യയുടെ സങ്കീര്‍ണതയും ചലനാത്മകതയും വരച്ചുകാട്ടുന്ന ഇന്ത്യന്‍ എഴുത്തുകാരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ലോകപ്രശസ്ത എഴുത്തുകാരായ ജെഫ്രി ആര്‍ച്ചര്‍, അമിഷ് ത്രിപാഠി എന്നിവര്‍ ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയുമായി സഹകരിച്ചാണ് പുരസ്‌കാരം വിതരണം ചെയ്തത്.

സംസ്‌കാരം എന്നത് വെറുമൊരു മൃദുശക്തിയല്ല മറിച്ച് ആഗോള ആഖ്യാനങ്ങളെ രൂപപ്പെടുത്താനും അന്താരാഷ്ട്ര ബന്ധങ്ങള്‍ ആഴത്തില്‍ ശക്തിപ്പെടുത്താനും ഇന്ത്യ-യുകെ പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തിക്കാനും പ്രാപ്തമായ സൂപ്പര്‍ പവര്‍ ആണെന്ന ഐ.ജി.എഫിന്റെ വിശ്വാസത്തിന്റെ തെളിവ് കൂടിയാണ് പുരസ്‌കാരം. സമകാലിക ഇന്ത്യയെ കുറിച്ചുള്ള കഥകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയാണ് ഇന്ത്യ ഗ്ലോബല്‍ ഫോറം. ഇന്ത്യയുടെ വേഗത്തിലുള്ള വളര്‍ച്ച ലോകത്തിനള്ള വലിയ അവസരമാണ്. ബിസിനസുകളേയും രാജ്യങ്ങളെയും ആ അവസരവുമായി ബന്ധിപ്പിക്കാന്‍ ഐ.ജി.എഫ് സഹായിക്കുന്നു.

Dr. Shalini Mullick bags Inaugural Archer Amish literary award

Share Email
Top