നെസ്ലെ 2026-ഓടെ യുഎസ് ഉത്പന്നങ്ങളിൽനിന്ന് കൃത്രിമ നിറങ്ങൾ ഒഴിവാക്കും; ഇന്ത്യൻ വിപണി ഉറ്റുനോക്കുന്നു

നെസ്ലെ 2026-ഓടെ യുഎസ് ഉത്പന്നങ്ങളിൽനിന്ന് കൃത്രിമ നിറങ്ങൾ ഒഴിവാക്കും; ഇന്ത്യൻ വിപണി ഉറ്റുനോക്കുന്നു

ഭക്ഷ്യവിപണിയിലെ പ്രമുഖരായ നെസ്ലെ പുതിയൊരു മാറ്റത്തിന് ഒരുങ്ങുന്നു. 2026 മുതൽ അമേരിക്കയിൽ പുറത്തിറക്കുന്ന ഉത്പന്നങ്ങളിൽനിന്ന് കൃത്രിമ നിറങ്ങൾ ഒഴിവാക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാതാക്കളായ സ്വിസ് കമ്പനിയായ നെസ്ലെയുടെ തീരുമാനം.

2026-ഓടെ യുഎസിൽ വിൽക്കുന്ന നെസ്ലെയുടെ എല്ലാ ഭക്ഷ്യവസ്തുക്കളിൽനിന്നും കൃത്രിമ നിറങ്ങൾ പൂർണമായി നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സുരക്ഷിതമായ ചേരുവകൾ ഉപയോഗിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് നെസ്ലെ വിശദീകരിക്കുന്നു.

നെസ്ലെ യുഎസിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ, പ്രത്യേകിച്ച് മിഠായികളിലും ലഘുഭക്ഷണങ്ങളിലും, സാധാരണയായി ഉപയോഗിച്ചിരുന്ന കൃത്രിമ നിറങ്ങളായ റെഡ് 40, യെല്ലോ 5, യെല്ലോ 6 എന്നിവയ്ക്ക് പകരം പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിക്കും. “ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഭക്ഷണം നൽകുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്,” നെസ്ലെ യുഎസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കിന്റർഗാർഡൻ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ധാന്യങ്ങളിൽ നിന്നും 2026 പകുതിയോടെ കൃത്രിമ നിറങ്ങൾ ഒഴിവാക്കും. കാലിഫോർണിയ, വെസ്റ്റ് വെർജീനിയ തുടങ്ങിയ യുഎസ് സംസ്ഥാനങ്ങളിൽ നേരത്തെതന്നെ ചില കൃത്രിമ നിറങ്ങൾ നിരോധിച്ചിരുന്നു.

2015-ലും ഉൽപ്പന്നങ്ങളിൽനിന്ന് കൃത്രിമ സുഗന്ധങ്ങളും നിറങ്ങളും നീക്കം ചെയ്യുമെന്ന് നെസ്ലെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ലെങ്കിലും, ഉൽപ്പന്നങ്ങളിൽനിന്ന് കൃത്രിമ നിറങ്ങൾ ക്രമേണ നീക്കം ചെയ്തുവരികയാണെന്നും, യുഎസിലെ അവരുടെ ഉൽപ്പന്നങ്ങളുടെ 90% ഇപ്പോൾ കൃത്രിമ നിറങ്ങൾ അടങ്ങിയിട്ടില്ലെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ നെസ്ലെ വ്യക്തമാക്കി. എന്നിരുന്നാലും, പല ഉത്പന്നങ്ങളിലും മൃഗങ്ങളിൽ അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള റെഡ് 3 പോലുള്ള കൃത്രിമ നിറങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

അർബുദ സാധ്യത കണക്കിലെടുത്ത് സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിന്ന് റെഡ് 3 എന്ന കൃത്രിമ നിറം നിരോധിച്ച് 35 വർഷം പിന്നിട്ടപ്പോഴാണ് യുഎസിൽ ഭക്ഷ്യ ഉത്പന്നങ്ങളിൽ ഇവയുടെ ഉപയോഗം നിരോധിച്ചത്. ഇത് പ്രാബല്യത്തിൽ വന്നത് കഴിഞ്ഞ ജനുവരിയിലാണ്, ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന് ദിവസങ്ങൾക്കു മുമ്പായിരുന്നു ഇത്. 2026-ഓടെ ഭക്ഷ്യ ഉത്പന്നങ്ങളിലെ കൃത്രിമ നിറങ്ങൾക്ക് പൂർണ്ണമായും പൂട്ടുവീഴുമെന്ന് അധികാരത്തിലെത്തിയ ട്രംപ് സർക്കാരിന്റെ ആരോഗ്യ സെക്രട്ടറി ഏപ്രിലിൽ അറിയിച്ചിരുന്നു.

എന്നാൽ, നെസ്ലെ ഈ നിലപാട് യുഎസിന് പുറത്തും, പ്രത്യേകിച്ച് ഇന്ത്യൻ വിപണിയിലും, സ്വീകരിക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Nestle to eliminate artificial colors from US products by 2026: Indian market awaits

Share Email
Top