അബ്ദുള്‍ പുന്നയൂര്‍ക്കുളം

അച്ഛന്റെ ആത്മസുഹൃത്തു അപ്പേട്ടന്‍ എന്ന വിളിക്കുന്ന അപ്പു പതിറ്റാണ്ടു മുമ്പ് അച്ഛനെ വിവാഹമോചനം ചെയ്ത അമ്മയുടെ വീട്ടില്‍ അതിരാവിലെ വന്നു, എന്നോടായി: ‘മോന്റച്ഛന്‍ നമ്മെ വിട്ടുപിരിഞ്ഞു പോയി! ഇന്നച്ഛനെ സ്ഫുടം ചെയ്യുകയാണ്… പാര്‍ട്ടിക്കാര്‍ അച്ഛനെ ആശുപത്രിയില്‍ നിന്ന് പൊതുദര്‍ശന ഹാളില്‍ കൊണ്ടുവരും മുമ്പ് നമുക്കവിടെ എത്തണം’
അപ്പേട്ടനെ മൗനമായി അനുഗമിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ തറയില്‍ തറച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പ് അച്ഛന്റെ വിസ്താരമേറിയ പറമ്പും പത്തായപ്പുരയും ഏക മകനായ എനിക്ക് എഴുതിവെച്ചു, ബാക്കി ജംഗമവസ്തുക്കളെല്ലാം അച്ഛന്‍ പാര്‍ട്ടിക്ക് ദാനം ചെയ്തശേഷമാണ് അമ്മയുടെ രോഷം ഇത്ര രൂക്ഷ മാകുന്നത്. അതുവരെ അച്ഛന്‍ യാചകനെപ്പോലെ അമ്മയുടെ പടിപ്പുരയില്‍ കാത്തുനില്‍ക്കും. വേലക്കാരുടെ അകമ്പടിയോടെ കൊണ്ടുവരുന്ന സ്വന്തം മകനെ മാസത്തിലൊരിക്കല്‍ കാണാന്‍.
അച്ഛന്‍ എന്റെ ചെമ്പന്‍ മുടിയില്‍ തലോടി നിര്‍വൃതി അടയുമ്പോഴാവും അമ്മയുടെ ഉച്ചത്തിലുള്ള വിളി. അപ്പോഴും അച്ഛന്റെ കുപ്പായത്തില്‍ നിന്നുതിരുന്ന വിയര്‍പ്പിന്‍ സുഗന്ധം ആസ്വദിച്ചു മതിയായിട്ടുണ്ടാവില്ല.
സ്വന്തം ആരോഗ്യം വകവെക്കാതെ അശരണര്‍ക്കും അഗതികള്‍ക്കും ആശ്വാസമേകി പാര്‍ട്ടി ഓഫീസില്‍ കാലം കഴിച്ചിരുന്ന അച്ഛന്, വിശേഷദിവസങ്ങളില്‍ ഇളയ പെങ്ങള്‍ കൊടുത്തയക്കുന്ന മധുരപലഹാരങ്ങളായിരിക്കും ഒരു വ്യത്യാസം.
പാര്‍ട്ടിക്ക് സ്വത്ത് കൈമാറിയശേഷം അച്ഛന്‍ ഒരിക്കലും അമ്മ വീട്ടില്‍ വന്നിട്ടില്ല. ഒമ്പതും പത്തും ക്ളാസ്സില്‍ പഠിക്കുന്ന എന്നെ സ്‌കൂളില്‍ വന്നു കാണുന്നതല്ലാതെ…
അപ്പേട്ടന്‍ പറഞ്ഞു കേട്ടിട്ടുണ്ട്:’വിവാഹം കാലില്‍ വീണ കനത്ത ചങ്ങലയായിത്തീരാന്‍ അച്ഛന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല!
വിവാഹം കഴിഞ്ഞു അഞ്ചാറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അച്ഛന്റെ ശ്രദ്ധയില്‍ പെടുന്നത് അമ്മയിലെ തീവ്രമായ വൈരുദ്ധ്യം!
അച്ഛന്‍ പാര്‍ട്ടിയെപ്പറ്റി അമ്മയുമായി സംസാരിക്കുമ്പോള്‍, അമ്മ പുതിയ വീടിനെപ്പറ്റിയും കാറിനെപ്പറ്റിയും പറഞ്ഞുകൊണ്ടിരിക്കും. ക്ഷമയോടെ എല്ലാം കേട്ടുകൊണ്ടിരിക്കുന്ന അച്ഛന്‍ ഓര്‍മ്മിപ്പിക്കും: ‘മനോരാജ്യത്തിലൂടെ മേയുന്നത് സുഖമാണെങ്കിലും, യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പഠിക്കണം.’
അച്ഛന് പാര്‍ട്ടി ചിന്തയും പാര്‍ട്ടി പ്രവര്‍ത്തനവും മാത്രമേയുള്ളുവെന്ന് പറഞ്ഞു അമ്മ മുറുമുറുപ്പോടെ എന്നെയും കൂട്ടി അമ്മ വീട്ടിലേക്ക് താമസം മാറ്റി!
അമ്മ വീട്ടുകാര്‍ ഭര്‍തൃ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മയുടെ ക്രോധം ജ്വലിച്ചു: ‘ഞാന്‍ പോണില്ല. അയാള്‍ വിവാഹം കഴിച്ചിരിക്കുന്നത് എന്നെയല്ല, പാര്‍ട്ടിയെയാണ്.’
ശോണിമ കലര്‍ന്ന അമ്മയുടെ കവിളിലൂടെ കോപവും സങ്കടവും കണ്ണീരായി ഒഴുകി. മൂക്ക് ചീറ്റിക്കൊണ്ട് അമ്മ: ‘ഇങ്ങനെ പാര്‍ട്ടി ഭ്രാന്തുള്ള ആള് ഒരിക്കലും ഒര് കല്യാണം കഴിക്കരുതായിരുന്നു!’
അമ്മയുടെ സ്വാര്‍ത്ഥതയ്ക്കും അച്ഛന്റെ നിസ്സഹായതയ്ക്കും ഇടയില്‍ ഞെരുങ്ങുന്നൊരു പുഴുവായി തോന്നി ഞാന്‍!
മൂന്നാഴ്ച മുമ്പ് അപ്പേട്ടന്‍ അമ്മയുടെ വീട്ടില്‍ വന്നിട്ട്, അമ്മയുടെ കടുത്ത മൗനത്തെ ഭേദിച്ച്: ‘കരളിന് അണുബാധ കാരണം അച്ഛന്‍ ആശുപത്രിയിലാണ്; മോന്‍ ഉടനെ വരണം.’
അപ്പേട്ടനെ പിന്തുടര്‍ന്നു: അച്ഛന്റ ആശുപത്രി മുറി സന്ദര്‍ശകരെക്കൊണ്ട് നിറഞ്ഞിരുന്നു. അച്ഛന്റെ വിളറിയ മുഖത്ത് കുറ്റിരോമങ്ങള്‍ നിറഞ്ഞിരുന്നു. കണ്ണുകളില്‍ പഴയ തിളക്കം കണ്ടില്ല. അച്ഛന്‍ ക്ഷീണിച്ച കൈകൊണ്ട് എന്റെ ചെമ്പന്‍ മുടിയില്‍ തലോടുമ്പോള്‍, അതിനു വാക്കുകളേറെ വാത്സല്യവും അര്‍ത്ഥവും ഉണ്ടായിരുന്നു.
വിടവാങ്ങുമ്പോള്‍ അച്ഛന്‍ അനുഗ്രഹിക്കാനെന്നോണം ശ്രമപ്പെട്ടു കൈ വീണ്ടും ഉയര്‍ത്തി. അന്നേരം ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു.
അച്ഛനെ ഒന്നുകൂടി കാണണമെന്ന അദമ്യമോഹം അമ്മയെ ധരിപ്പിക്കാന്‍ ധൈര്യമില്ലായിരുന്നു. അച്ഛന്റെ അസുഖത്തിന് രണ്ടുമാസം മുമ്പ്, അമ്മയ്ക്ക് സ്വത്ത് ദാനമായി കൊടുക്കാത്തതില്‍ കോപിച്ചു അമ്മ അച്ഛനുമായി ഫോണില്‍ വഴക്കിട്ടു, എനിക്കായി കരുതിവച്ച അച്ഛന്റെ വിലയേറിയ ഉപഹാരങ്ങളും പുരസ്‌കാരങ്ങളും അമ്മ മേശമേല്‍ നിന്ന് താഴേക്ക് തട്ടിയിട്ട്! അമ്മയുടെ ബാലിശമായ ചെയ്തികള്‍ കണ്ടു നിശ്ചലനായി നിന്നു.
ഒടുവില്‍ അപ്പേട്ടന്റെ സഹായത്തോടെ, അച്ഛനെ കണ്‍നിറയെ കണ്ടേ മനസ്സിന്റെ എരിച്ചില്‍ ശമിച്ചുള്ളു.
ദര്‍ശനഹാളില്‍ അന്ത്യോമപചാരം അര്‍പ്പിക്കാന്‍ പ്രമുഖരടക്കം ധാരാളംപേര്‍ വന്നിരുന്നു. പലരും അച്ഛന്റെ ആത്മസുഹൃത്തക്കളായിരുന്നു. ചിലരെ അപ്പേട്ടന്‍ എന്നെ പരിചയപ്പെടുത്തി. എല്ലാവരും അച്ഛനെ പ്രശംസിച്ചു. സഖാവിന്റെ മകനെന്ന നിലയില്‍ എന്നില്‍ അനുഭാവവും അഭിമാനവും ചൊരിഞ്ഞു.
അച്ഛന്റെമേല്‍ സുഹൃത്തുക്കളും സഖാക്കളും ഭവ്യതയോടെ ചുവന്ന പട്ടിന്‍പതാക കഴുത്തുവരെ മൂടി, ചുറ്റും റീത്തുകളര്‍പ്പിച്ചു. അച്ഛന്റെ കുറ്റിരോമങ്ങളുടെ സ്പര്‍ശം എന്നും സ്മരണയില്‍ സൂക്ഷിക്കാന്‍, ആ വാത്സല്യനിധിയുടെ കവിളില്‍ അവസാനമായി ഒന്നുകൂടി ഉമ്മവച്ചു. സ്വജീവിതം പാര്‍ട്ടിക്കുവേണ്ടി ത്യജിച്ച മഹാന്റെ മാറിടത്തില്‍, അച്ഛനേറെ ഇഷ്ടപ്പെടുന്ന കടുംചുവപ്പായ ഒരു റോസാപ്പൂവും സമര്‍പ്പിച്ചു.
അല്പം അഹങ്കാരത്തോടെ ആദര്‍ശധീരനുമൊത്ത് സ്‌നേഹം പങ്കിടുമ്പോള്‍, ഈ മനുഷ്യസ്‌നേഹി ഇത്ര വേഗം എന്നെ പിരിഞ്ഞുപോകുമെന്ന് സ്വപ്‌നേപി നിനച്ചിരുന്നില്ല. എങ്കിലും അച്ഛന്‍ നിര്‍ലോഭം ചൊരിഞ്ഞു തന്ന ലാളനകള്‍ അയവിറക്കുമ്പോള്‍ തോന്നും അച്ഛനറിയാമായിരുന്നു തന്റെ അന്ത്യീ.
ഉച്ചതിരിഞ്ഞു അച്ഛന്റെ ശരീരം പൊതുശ്മശാനത്തിലേക്ക് കൊണ്ടുവന്നു.
രാമച്ചംകൊണ്ടു സജ്ജമാക്കിയ മഞ്ചത്തില്‍ കിടത്തിയ ചിതയ്ക്ക് തീ കൊളുത്താന്‍ അപ്പേട്ടന്‍ എന്നെ സഹായിച്ചു. ചിതയെരിയുമ്പോള്‍, അന്തരീക്ഷത്തിലലിഞ്ഞു ചേര്‍ന്ന പുക, എനിക്കുമാത്രം പരിചയമുള്ള വിയര്‍പ്പിന്‍മണം മുകാരനെന്നോണം നാസാരന്ധ്രങ്ങള്‍ സ്വമേധയാ വിടര്‍ന്നു.
പട്ടട കെട്ടടങ്ങുന്നത് വരെ നോക്കിനില്‍ക്കെ, അപ്പേട്ടന്‍ ചുമലില്‍ കൈവെച്ചു കൊണ്ട് മൃദുവായി: ‘വരൂ മോനെ, നമക്ക് സഞ്ചയത്തിന് വരാം.’ ആ സ്പര്‍ശീ ആശ്വാസമായിരുന്നു.
സഞ്ചയനത്തിനു അസ്ഥിപെറുക്കാന്‍ അപ്പേട്ടനൊപ്പം വന്നു.
ശ്മശാനത്തില്‍ വേറെയും ശവദാഹങ്ങള്‍ തിരക്കിട്ടു നടന്നിരുന്നു. അവിടവിടെ തടിച്ചുകൂടിയ ജനം, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജഡം ഒരു നോക്ക് കാണുവാന്‍ അച്ഛന്‍ സംസ്‌കരിച്ചതിനു മുകളിലൂടെ കന്നാലിക്കൂട്ടങ്ങള്‍ പോലെ ചവുട്ടി, ചാരം തെറിപ്പിച്ചു കടന്നുപോയപ്പോള്‍, അപ്പേട്ടന്റെ കണ്ഠമിടറി: ‘ഇത് വല്യ സങ്കടാ, മനുഷ്യര്‍ക്ക് സംസ്‌കാരം എന്നൊന്നില്ലാത്തത്!’
അപ്പേട്ടന്‍ അരിശത്തോടെ: ‘നാടിനും നാട്ടാര്‍ക്കും വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവിന് ഒര് വെലേം ഇല്ലേ? ഈ മുനിസിപ്പാലിറ്റിയും ശ്മാശാനത്തിന് ഉറ്റവരുടെ അസ്ഥിപെറുക്കുംവരേക്കും ഒര് സൗകര്യോം ചെയ്യുന്നില്ല!’
അപ്പേട്ടന്റെ വിദ്വേഷം തീരാതെ മേല്‌പോട്ട് നോക്കി: ‘സൂര്യനും കത്തിത്തിമിര്‍ക്കുന്നു, ഒര് ഭാവഭേദവുമില്ലാതെ!’
അപ്പേട്ടന്‍ പിന്നെയും മുനിസിസിപ്പാലിറ്റിയുടെ അനാസ്ഥകളെപ്പറ്റിയും ആളുകളുടെ അനുകമ്പയില്ലായ്മയെപ്പറ്റിയും ആരോടെന്നിലല്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
ചിതാഭസ്മം ഒരു നിധിപോലെ വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ ഒരു മനസ്സ് ആശങ്കപ്പെട്ടുകൊണ്ടിരുന്നു, അമ്മ അച്ഛനെ സ്വീകരിക്കുമോ? എങ്കിലും മറുമനസ്സ് സ്വയം സമാധാനിപ്പിച്ചുതന്നിരുന്നു: ഇപ്രാവശ്യം അമ്മ എന്റച്ഛനെ സ്വീകരിക്കുമെന്ന്..
Short Story: Funeral Ashes
















